മക്രോണിനെ പരിഹസിച്ച് ഇറ്റാലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി; അംബാസഡറെ വിളിച്ചുവരുത്തി ഫ്രാൻസ്
Sunday, August 24, 2025 3:15 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഇറ്റാലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി പരിഹസിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഫ്രഞ്ച് സർക്കാർ.
യുദ്ധാനന്തര യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് മക്രോണിനെ ഇറ്റാലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി മത്തെയോ സൽവീനി പരിഹസിച്ചത്.
മക്രോണിനോട് “പോയി തുലയൂ” എന്നാണ് സാൽവീനി പറഞ്ഞത്. മക്രോണിന് വേണമെങ്കിൽ ഒറ്റയ്ക്കു പോകാമെന്നും ഫ്രഞ്ചുകാർ പോലും മക്രോണിനൊപ്പം ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. യുക്രെയ്്ൻ വിഷയത്തിൽ സൽവീനി മുന്പും മക്രോണിനെ പരിഹസിച്ചിട്ടുണ്ട്.
സൽവീനിയുടെ പരാമർശങ്ങൾ ചരിത്രപരമായും നയതന്ത്രപരമായും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കാമെന്ന് ഇറ്റാലിയൻ അംബാസഡർക്ക് ഫ്രഞ്ച് സർക്കാർ മുന്നറിയിപ്പു നല്കി.