യുഎസ് നാടുകടത്തുന്ന കുടിയേറ്റക്കാരെ ഹോണ്ടുറാസും ഉഗാണ്ടയും സ്വീകരിക്കും
Thursday, August 21, 2025 2:36 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനായി സെൻട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസുമായും ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുമായും ട്രംപ് ഭരണകൂടം കരാറുണ്ടാക്കി.
ആഫ്രിക്കൻ, ഏഷ്യൻ വംശജരെ ഉഗാണ്ടയും സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരെ ഹോണ്ടുറാസും സ്വീകരിക്കും.
കുടിയേറ്റക്കാർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുതെന്ന നിബന്ധന ഉഗാണ്ട വച്ചിട്ടുണ്ട്. എത്രകാലത്തേക്കാണ് ഇതെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം ഹോണ്ടുറാസുമായുള്ള കരാർ രണ്ടു വർഷത്തേക്കാണ്.
മെക്സിക്കൻ അതിർത്തിവഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാജ്യത്തേക്കു നാടുകടത്താനുള്ള നയത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഇത്തരം കരാറുകൾ ഉണ്ടാക്കുന്നത്.