എയർ കാനഡ ജീവനക്കാർ സമരം അവസാനിപ്പിച്ചേക്കും
Wednesday, August 20, 2025 12:24 AM IST
ടൊറന്റോ: എയർ കാനഡയുടെ പതിനായിരത്തിലേറെ വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാർ നടത്തിവന്നിരുന്ന പണിമുടക്ക് അവസാനിപ്പിക്കാൻ യൂണിയൻ എയർലാൈനുമായി താത്കാലിക കരാറിലെത്തി. പ്രതിദിനം 1,30,000 യാത്രക്കാരെയാണു പണിമുടക്ക് ബാധിച്ചത്.
വിമാനങ്ങൾ ഗ്രൗണ്ടിൽ ആയിരിക്കുന്പോൾ ജീവനക്കാർ ചെയ്യുന്ന ജോലികൾക്കും അവർക്ക് പണം നൽകാനുള്ള തീരുമാനം നിലവിൽവന്നുവെന്നു യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും അതിൽ ഉറച്ചുനിൽക്കുകയായിരുന്നു യൂണിയൻ.
തിങ്കളാഴ്ച കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡാണു സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്. ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള രണ്ടാമത്തെ ഉത്തരവും ലംഘിക്കപ്പെട്ടതോടെ എയർ കാനഡ നിരവധി ടിക്കറ്റുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം 700 വിമാനസർവീസുകൾ എയർ കാനഡ നടത്തുന്നുണ്ട്.