ഗാസ നിയന്ത്രണത്തിലാക്കാൻ പദ്ധതി; 60,000 റിസർവ് സൈനികരെ വിളിച്ച് ഇസ്രയേൽ
Thursday, August 21, 2025 2:36 AM IST
ടെൽ അവീവ്: ഗാസ മുനന്പ് മുഴുവനോടെ നിയന്ത്രണത്തിലാക്കാനുള്ള ഇസ്രേലി പദ്ധതിയിൽ 1.3 ലക്ഷം സൈനികർ പങ്കാളികളാകുമെന്ന് റിപ്പോർട്ട്. ഇതിനായി 60,000 റിസർവ് സൈനികരെ തിരികെ വിളിക്കും.
അടുത്ത മാസങ്ങളിൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് നീക്കം. നവംബർ-ഡിസംബർ, അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തുടർ നടപടികളുണ്ടാകും.
ഗാസയുടെ മുഴുവൻ പ്രദേശങ്ങളും സൈനിക നിയന്ത്രണത്തിലാക്കാനാണു പദ്ധതിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനുമായി ഇത് അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിലവിൽ ഗാസ മുനന്പിന്റെ പകുതിയലധികം പ്രദേശങ്ങളും ഇസ്രേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗാസ സിറ്റി അടക്കമുള്ള പ്രദേശങ്ങൾ പൂർണമായി അധീനതയിലാക്കാനാണ് ഇസ്രയേലിന്റെ നീക്കം. സൈനികനടപടിക്കു മുന്നോടിയായി പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ ആവശ്യപ്പെടുന്നു.
ഇതിനിടെ, വെടിനിർത്തലിന് ഹമാസ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഗാസയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ നെതന്യാഹു സർക്കാർ തീരുമാനിക്കുകയായിരുന്നു.