റഷ്യൻ എണ്ണ ചൈന മറിച്ചുവിൽക്കുന്നു, വാങ്ങുന്നത് യൂറോപ്പും: റൂബിയോ
Monday, August 18, 2025 11:49 PM IST
വാഷിംഗ്ടൺ ഡിസി: ചൈന റഷ്യയിൽനിന്നു വാങ്ങുന്ന എണ്ണ ശുദ്ധീകരിച്ച് അന്താരാഷ്ട്ര വിപണിയിൽ മറിച്ചുവിൽക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇതിൽ നല്ലൊരുഭാഗവും വാങ്ങുന്നതു യൂറോപ്പാണെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും റഷ്യയിൽനിന്നു നേരിട്ട് പ്രകൃതിവാതകം വാങ്ങുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു റൂബിയോ പറഞ്ഞു.
റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നതിന്റെ പേരിൽ യൂറോപ്പിനെതിരേ യുഎസ് ഉപരോധമുണ്ടാകുമോ എന്ന ചോദ്യത്തിനും റൂബിയോ മറുപടി നല്കി. റഷ്യൻ എണ്ണ വാങ്ങുന്നവർക്കെതിരേ ഉദ്ദേശിക്കുന്ന ദ്വിതീയ ഉപരോധങ്ങൾ നിലവിൽ വന്നാൽ യൂറോപ്പും അതിൽ ഉൾപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്ക് ഉപരോധം പ്രഖ്യാപിക്കാനുള്ള ബിൽ അമേരിക്കൻ സെനറ്റ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
യൂറോപ്യൻ രാജ്യങ്ങൾ ഊർജാവശ്യങ്ങൾക്കായി റഷ്യയെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഉപരോധം നേരിടേണ്ടിവരുമോ എന്ന ആശങ്ക ചില രാജ്യങ്ങൾക്കുള്ളതായും റിപ്പോർട്ടുകളിൽ പറയുന്നു.