സമാധാന ചർച്ച നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് മാക്രോൺ
Wednesday, August 20, 2025 12:24 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
സ്വിറ്റ്സർലൻഡ് പോലുള്ള നിഷ്പക്ഷ രാജ്യത്ത് ചർച്ച നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മാക്രോൺ പറഞ്ഞു. ജനീവയാണ് താൻ മുന്നോട്ടുവയ്ക്കുന്നത്. പുടിനും സെലൻസ്കിയും തമ്മിലുള്ള ചർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളുടെ തലവന്മാരും ഉണ്ടാകണം.
യുക്രെയ്ന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള കരട് നിർദേശങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതു കീഴടങ്ങലാകരുത്. അത് യൂറോപ്പിനും യുക്രെയ്നും ദാരുണമായ സംഗതിയായിരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യുക്രെയ്നു ദീർഘകാല സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അമേരിക്കൻ സന്നദ്ധതയാണു ചർച്ചകളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലമെന്ന് മാക്രോൺ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുമായി ചേർന്ന് യുക്രെയ്നു സുരക്ഷ ഒരുക്കുന്നതിൽ ധാരണയായി. ഇക്കാര്യത്തിൽ സഹകരിക്കാൻ 30 രാജ്യങ്ങൾ ഇതുവരെ സന്നദ്ധരായിട്ടുണ്ട്. സമാധാന ചർച്ച നിലച്ചാൽ റഷ്യക്കു മേൽ ഉപരോധം ശക്തിപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയാറാകണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
ആക്രമണം തുടർന്ന് റഷ്യ
സമാധാന ചർച്ചകൾക്കുള്ള നടപടി പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ ആക്രമണം തുടർന്ന് റഷ്യ. 270 ഡ്രോണുകളും അഞ്ച് ബാലസ്റ്റിക് മിസൈലുകളും അഞ്ച് ക്രൂസ് മിസൈലുകളും റഷ്യ തൊടുത്തതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു.