ആകാശത്തു തീപിടിച്ച വിമാനം സുരക്ഷിതമായി ഇറക്കി
Monday, August 18, 2025 11:49 PM IST
റോം: ആകാശത്തുവച്ച് എൻജിനു തീപിടിച്ച യാത്രാവിമാനം സുരക്ഷിതമായി നിലത്തിറക്കി. ഗ്രീസിലെ കോർഫുവിൽനിന്ന് ജർമനിയിലെ ഡുസൽഡോർഫിലേക്കു പുറപ്പെട്ട വിമാനത്തിൽ 273 യാത്രക്കാരും എട്ടു ജീവനക്കാരും ഉണ്ടായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ല.
ജർമനിയിലെ കോണ്ടോർ എയർലൈൻസിന്റെ ബോയിംഗ് 757-300 വിമാനമാണ് വൻ ദുരന്തത്തെ അതിജീവിച്ചത്. യാത്രപുറപ്പെട്ട് കുറച്ചു സമയത്തിനുള്ളിൽ വിമാനത്തിന്റെ വലതുവശത്തെ എൻജിനിൽ തീപിടിച്ചു.
ഈ എൻജിൻ നിർത്തിവച്ച പൈലറ്റ്, ഇടതുവശത്തെ എൻജിൻ ഉപയോഗിച്ച് കോർഫുവിൽ തിരിച്ചിറങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. അത്രയും ദൂരം യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല എന്ന നിഗമനത്തിൽ സമീപത്തുള്ള ഇറ്റലിയിലെ ബ്രിൻഡിസി നഗരത്തിൽ അടിയന്തരമായി വിമാനം ലാൻഡ് ചെയ്യുകയായിരുന്നു.