ഹമാസ് കടുത്ത സമ്മർദത്തിലെന്ന് നെതന്യാഹു
Wednesday, August 20, 2025 12:24 AM IST
ജറുസലെം: വെടിനിർത്തലിനു ഹമാസ് തയാറാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, അത്തരം കരാറുകളിൽ ഇനി താത്പര്യമില്ലെന്നും ഇസ്രയേലിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കുക, ഗാസയെ നിരായുധീകരിക്കുക, ഇസ്രയേലിന് ഗാസയുടെ സുരക്ഷാനിയന്ത്രണം നൽകുക, പലസ്തീൻ അഥോറിറ്റിയിൽനിന്ന് അധികാരം എടുത്തുമാറ്റുക എന്നിവയാണ് ആവശ്യങ്ങൾ.
ഹമാസ് കടുത്ത സമ്മർദത്തിലാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഐഡിഎഫിന്റെ ഗാസ ഡിവിഷൻ ആസ്ഥാനത്ത് ഉന്നത സൈനികോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ സിറ്റി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകളായിരുന്നു നടന്നത്.
എന്നാൽ, വെടിനിർത്തലിൽ എത്തിച്ചേരാതെ കഴിഞ്ഞ മാസം ചർച്ചകൾ അലസിപ്പിരിയാൻ കാരണമായ ആവശ്യങ്ങൾ ഹമാസ് പിൻവലിച്ചാൽ നെതന്യാഹു നിലപാടിൽ അയവു വരുത്തുമെന്നാണ് കയ്റോയിൽ ഹമാസുമായി ചർച്ചകൾ നയിച്ച അറബ് മധ്യസ്ഥർ കരുതുന്നത്.
സമഗ്ര ബന്ദിവിമോചനം നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും, ഹമാസുമായി ഭാഗിക ബന്ദി മോചന, വെടിനിർത്തൽ കരാറുകൾക്ക് നെതന്യാഹു തയാറാണെന്ന തരത്തിൽ രണ്ടു ദിവസം മുൻപ് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ഇസ്രയേലിന്റെ ഉറച്ചനിലപാടുകളിൽ മാറ്റമില്ലെന്ന് തൊട്ടടുത്ത ദിവസം ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറയുകയും ചെയ്തിട്ടുണ്ട്.