അലാസ്കയിലെത്തിയ പുടിന്റെ വിസർജ്യം ശേഖരിക്കാനും അംഗരക്ഷകര്‍
Thursday, August 21, 2025 2:06 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്കെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അംഗരക്ഷകര്‍ക്ക് ഒരു പ്രത്യേക ചുമതലകൂടി ഉണ്ടായിരുന്നതായി റിപ്പോർട്ട്.
പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്കേസിലാക്കി മോസ്കോയിലേക്ക് കൊണ്ടുപോകുക എന്ന ദൗത്യമായിരുന്നു അത്. വര്‍ഷങ്ങളായി പുടിന്റെ അംഗരക്ഷകര്‍ പിന്തുടരുന്ന സുരക്ഷാനടപടിയാണിത്.
പുടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാന്പിളുകള്‍ വിദേശരാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു ഈ അസാധാരണ നടപടി.
ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദ എക്സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം പുടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച് ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്കേസുകളില്‍ മോസ്കോയിലേക്ക് തിരികെയെത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല
2017 ല്‍ പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദ എക്സ്പ്രസ് യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ പുടിന് വിയന്ന സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സുരക്ഷാനടപടി നിലവിലുണ്ടായിരുന്നതായി അന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.