സമാധാനം പുടിന്റെ ടേബിളിൽ
Wednesday, August 20, 2025 12:24 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
പുടിൻ-സെലൻസ്കി ചർച്ചകൾക്കുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചു.
പുടിൻ-സെലൻസ്കി ചർച്ചയ്ക്കു ശേഷം റഷ്യ-യുക്രെയ്ൻ പ്രതിനിധികളുമായി ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യ-യുക്രെയ്ൻ ചർച്ച ഏകോപിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.
പുടിൻ ഉഭയകക്ഷി ചർച്ചയ്ക്ക് സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസും നാറ്റോ മേധാവി മാർക്ക് റട്ടെയും സ്ഥിരീകരിച്ചു, പക്ഷേ തീയതിയോ സ്ഥലമോ വ്യക്തമാക്കിയില്ല.
വൈറ്റ്ഹൗസിൽ സെലൻസ്കിയും യൂറോപ്യൻ നേതാക്കളും ട്രംപുമായി നടത്തിയ ചർച്ച കേന്ദ്രീകരിച്ചതു യുദ്ധാനന്തര യുക്രെയ്നു ദീർഘകാല സുരക്ഷ ഉറപ്പു നൽകുന്നതു സംബന്ധിച്ചായിരുന്നു.
“സെലൻസ്കി-പുടിൻ ഉച്ചകോടി നടന്നാൽ യുദ്ധം അവസാനിക്കാനുള്ള സാധ്യതയുണ്ട്. താത്കാലിക വെടിനിർത്തലല്ല, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറാണ് ഉണ്ടാവേണ്ടത്’’- ട്രംപ് പറഞ്ഞു.