അഫ്ഗാനിസ്ഥാനിൽ ബസപകടം; 79 പേർ മരിച്ചു
Thursday, August 21, 2025 2:36 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെരാത് പ്രവിശ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസിനു തീപിടിച്ച് 79 പേർ മരിച്ചു. ഇതിൽ ഏതാണ്ടെല്ലാവരും ഇറാനിൽനിന്നു നാടുകടത്തപ്പെട്ടവരാണ്.
ഇറാൻ അതിർത്തിയിലെ ഇസ്ലാം ഖ്വാല ചെക്ക് പോസ്റ്റിൽനിന്ന് കാബൂളിലേക്ക് പുറപ്പെട്ട ബസ് ഒരു ട്രക്കുമായും മോട്ടോർ സൈക്കിളുമായും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മറ്റു രണ്ടു പേരും മരിച്ചെന്നാണ് അറിയിപ്പ്.
അഫ്ഗാനികൾ 1970 മുതൽ ഇറാനിലേക്കു കുടിയേറുന്നുണ്ട്. 2021ൽ താലിബാൻ ഭരണകൂടം വന്നതോടെ കുടിയേറ്റം ശക്തമായി. അഫ്ഗാൻ വിരുദ്ധ വികാരം ശക്തമായ ഇറാനിൽനിന്ന് ഇവരെയെല്ലാം പുറത്താക്കിവരികയാണ്.
ജൂണിലെ ഇസ്രേലി ആക്രമണത്തിനു പിന്നാലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പുറത്താക്കൽ വേഗത്തിലാക്കി. ജനുവരി മുതൽ 15 ലക്ഷം അഫ്ഗാൻ വംശജരാണ് ഇറാൻ വിട്ടത്.