കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം; സിന്ധുനദീതട സംസ്കാരത്തിനുമേലുള്ള ആക്രമണമെന്ന് ബിലാവൽ ഭൂട്ടോ സർദാരി
Wednesday, August 13, 2025 2:16 AM IST
ഇസ്ലാമബാദ്: സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം സിന്ധുനദീതട സംസ്കാരത്തിനു മേലുള്ള ആക്രമണമാണെന്ന് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി.
പാക്കിസ്ഥാൻ എക്കാലവും സമാധാനത്തിനുവേണ്ടി വാദിച്ചിട്ടുണ്ടെന്നും, എന്നാൽ, ഇന്ത്യ തങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിട്ടാൽ പിന്നോട്ടു പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധി ഭാഷാ കവിയായിരുന്ന ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായിയുടെ പേരിലുള്ള പുണ്യസ്ഥലത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
""സിന്ധുനദി പാക്കിസ്ഥാന്റെ പ്രധാന ജലസ്രോതസ് മാത്രമല്ല. അത് രാജ്യത്തെ ജനങ്ങളുടെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ശത്രുവിനെ നേരിടാനും ആറ് നദികളും അവരിൽനിന്നു പിടിച്ചെടുക്കാനുമുള്ള കരുത്തുണ്ട്’’-ബിലാവൽ ഭൂട്ടോ പറഞ്ഞു.