അപ്പോളോ-13 കമാൻഡർ ജിം ലോവെൽ അന്തരിച്ചു
Sunday, August 10, 2025 2:56 AM IST
ഹൂസ്റ്റൺ: പരാജയപ്പെട്ട അപ്പോളോ-13 ചാന്ദ്രദൗത്യത്തിന്റെ കമാൻഡറായിരുന്ന നാസ ബഹിരാകാശ സഞ്ചാരി ജിം ലോവെൽ (97) അന്തരിച്ചു. 1970ൽ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ പേടകത്തിൽ സ്ഫോടനമുണ്ടായെങ്കിലും ഭൂമിയിൽ സുരക്ഷിതമായി തിരിച്ചറിങ്ങിയതിലൂടെയാണ് ജിം ലോവെൽ ശ്രദ്ധേയനായത്.
ചന്ദ്രനിൽ മൂന്നാമതും ലാൻഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 11നാണ് അപ്പോളോ-13 ദൗത്യം പുറപ്പെട്ടത്. ലോവെലിനു പുറമേ ജാക് സിഗേർട്ട്, ഫ്രെഡ് ഹെയ്സ് എന്നീ സഞ്ചാരികളും ഉണ്ടായിരുന്നു. ഭൂമിയിൽനിന്ന് 3.2 ലക്ഷം കിലോമീറ്റർ അകലെവച്ച് കമാൻഡ് മൊഡ്യൂൾ പേടകത്തിലെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു. മൂന്നു ബഹിരാകാശ സഞ്ചാരികളുടെയും ജീവനു ഭീഷണി ഉയർന്നു.
കമാൻഡ് മൊഡ്യൂൾ ഉപേക്ഷിച്ച്, ചന്ദ്രനിൽ ഇറങ്ങാൻവേണ്ടി മാത്രം ഡിസൈൻ ചെയ്ത ലൂണാർ മൊഡ്യൂളിൽ ഭൂമിയിലേക്കു മടങ്ങാൻ സഞ്ചാരികൾ തീരുമാനിച്ചു. രണ്ടു പേർക്കു മാത്രം കയറാനാകുന്ന ലൂണാർ മൊഡ്യൂളിൽ ഭക്ഷണവും വെള്ളവും ചൂട് നിലനിർത്താനുള്ള ഊർജവും പരിമിതമായിരുന്നു. മൂന്നര ദിവസത്തെ യാത്രയ്ക്കൊടുവിൽ 1970 ഏപ്രിൽ 17ന് സമോവയ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ പേടകം വിജയകരമായി ഇറങ്ങി.
നേവി ടെസ്റ്റ് പൈലറ്റായിരുന്ന ലൊവെൽ 1962ലാണ് നാസയിൽ ചേർന്നത്. 1973ൽ വിരമിച്ചു. 1968 ഡിസംബർ എട്ടിന് മനുഷ്യൻ ആദ്യമായി ചന്ദ്രനെ ചുറ്റിയ അപ്പോളോ -എട്ട് ദൗത്യത്തിൽ ലോവലും ഉണ്ടായിരുന്നു.
പരാജയപ്പെട്ട ചാന്ദ്രദൗത്യത്തെ അടിസ്ഥാനമാക്കി ടോം ഹാങ്ക്സ് അഭിനയിച്ച് 1995ൽ പുറത്തിറിങ്ങിയ അപ്പോളോ-13 എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഭൂമിയിൽ തിരിച്ചിറങ്ങിയ ബഹിരാകാശ സഞ്ചാരികളെ സമുദ്രത്തിൽനിന്നു വീണ്ടെടുക്കുന്ന കപ്പലിന്റെ കമാൻഡറായി അഭിനയിച്ചത് ലൊവൽ ആയിരുന്നു.