ഇന്ത്യയുമായി ഉടൻ വ്യാപാര ചർച്ചകളുണ്ടാകില്ലെന്ന് ട്രംപ്
Saturday, August 9, 2025 2:28 AM IST
ന്യൂയോർക്ക്: താരിഫുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇന്ത്യയുമായി വ്യാപാര ചർച്ചകളുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ മാസം എഴിന് പ്രാബല്യത്തിലായ 25 ശതമാനം ഉൾപ്പെടെ മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ട്രംപ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് അന്യായവും നീതീകരിക്കാനാവാത്തതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രതിരിച്ചിരുന്നു.
അതേസമയം, ട്രംപ് ആഗ്രഹിച്ചതു പോലെ യുക്രെയ്നുമായി വെടിനിർത്തൽ കരാറുണ്ടാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് ഇന്ത്യൻ അമേരിക്കൻ അറ്റോർണി രവി ബത്ര പറഞ്ഞു.
“ഇന്ത്യയെ നോവിക്കുന്നത് റഷ്യയെ നോവിക്കാനാണ്. പക്ഷേ അത് ഞങ്ങളെയും വളരെക്കൂടുതൽ നോവിക്കുന്നുണ്ട്. യുക്രെയ്നുമായി ആത്മാർഥമായുള്ള വെടിനിർത്തൽ കരാറിനു റഷ്യ വഴങ്ങണം.’’- ബത്ര പറഞ്ഞു.