ഇന്ത്യക്ക് അധിക തീരുവ; ട്രംപിന്റെ തീരുമാനം യുഎസിനു വിനയാകും
Sunday, August 10, 2025 2:15 AM IST
വാഷിംഗ്ടണ്‍: റഷ്യയില്‍നിന്നും ചൈനയില്‍നിന്നും ഇന്ത്യയെ അകറ്റിനിര്‍ത്തുന്നതിനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമങ്ങളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തിലാക്കിയെന്നു ട്രംപിന്റെ മുന്‍ സഹായി ജോണ്‍ ബോള്‍ട്ടണ്‍.
റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ അമ്പതുശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനമാണു യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബാള്ട്ടന്റെ പ്രതികരണത്തിന്റെ അടിസ്ഥാനം. ഇന്ത്യയേക്കാള്‍ ചൈനയോടുള്ള ട്രംപിന്റെ പക്ഷപാതം വലിയ തെറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.
തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല ഏറ്റവും മോശം ഫലം നല്‍കുകയും ചെയ്യും. ഇന്ത്യയുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കിയത് യുഎസിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായി. ചൈനയോടു മൃദുസമീപനമാണു ട്രംപ് പുലർത്തുന്നത്.
ഒരേസമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്തതാണ് ഇന്ത്യയുടെ രൂക്ഷപ്രതികരണത്തിനു കാരണം. ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള തിരക്കുമൂലം യുഎസിന്റെ സ്ഥിരം താല്പര്യങ്ങളെ ട്രംപ് ബലികഴിക്കുകയാണെന്നും ബോൾട്ടൺ കുറ്റപ്പെടുത്തി.