ഭൂമി വിട്ടുകൊടുക്കില്ല: സെലൻസ്കി
Sunday, August 10, 2025 2:56 AM IST
കീവ്: റഷ്യക്കു ഭൂമി വിട്ടുകൊടുക്കാൻ തയാറല്ലെന്ന് യുക്രെൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കി. വെടിനിർത്തലിനായി റഷ്യക്കു ഭൂമി വിട്ടുകൊടുക്കാൻ യുക്രെയ്ൻ തയാറാകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ചർച്ചയിൽ യുക്രെയ്നു പങ്കാളിത്തമുണ്ടാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
അധിനിവേശക്കാർക്ക് ഭൂമി വിട്ടുകൊടുക്കാൻ യുക്രെയ്ൻ തയാറല്ല. സമാധാന ചർച്ചകളിൽ യുക്രെയ്നു പങ്കാളിത്തമുണ്ടാകണം. ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള നടപടികളിൽ സഹകരിക്കാൻ യുക്രെയ്ൻ തയാറാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിനെ വിമർശിക്കാതെയാണ് സെലൻസ്കി ഇതു പറഞ്ഞത്.
റഷ്യക്ക് ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ട്രംപ് നടത്തുമെന്ന് യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും നേരത്തേതന്നെ ഭയന്നിരുന്നതാണ്. അമേരിക്കയുടെ പിന്തുണകൊണ്ടുമാത്രം റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രെയ്ന് ട്രംപിന്റെ പദ്ധതി അംഗീകരിക്കേണ്ടിവരും.