മഡുറോയുടെ അറസ്റ്റിന് അഞ്ചു കോടി ഡോളർ പാരിതോഷികം
Friday, August 8, 2025 11:55 PM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ചു കോടി ഡോളറായി ഉയർത്തി അമേരിക്ക. മഡുറോയെ ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു കടത്തുകാരനെന്നു വിശേഷിപ്പിച്ചാണ് നടപടി.
നേരത്തേ രണ്ടര കോടി ഡോളറായിരുന്ന പാരിതോഷികം ഇരട്ടിയാക്കി ഉയർത്തുകയായിരുന്നു. മയക്കുമരുന്നു കടത്തിൽ മഡുറോയ്ക്കു നേരിട്ടു പങ്കുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ആരോപിച്ചു.
യുഎസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള മെക്സിക്കോയിലെ ട്രെൻ ഡി ആരാഗ്വാ ഗുണ്ടാ സംഘം, മെക്സിക്കോയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘമായ സിനലോവ കാർട്ടൽ എന്നിവയുടെ പ്രവർത്തനങ്ങളെ മഡുറോ ഏകീകരിക്കുന്നു. മഡുറോയുമായും സഹായികളുമായും ബന്ധമുള്ള 30 ടൺ കൊക്കെയ്ൻ മയക്കുമരുന്നാണ് അമേരിക്ക കണ്ടുകെട്ടിയിട്ടുള്ളതെന്നും പാം ബോണ്ടി പറയുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അമേരിക്ക നടത്തുന്ന നീക്കങ്ങളിൽ അതിശയോക്തി ഇല്ലെന്നാണ് വെനസ്വേലൻ വിദേശകാര്യമന്ത്രി യുവാൻ ഗിൽ പ്രതികരിച്ചത്.
ഹ്യൂഗോ ഷാവേസ് 2013ൽ അന്തരിച്ചതിനു പിന്നാലെ വെനസ്വേലൻ നേതൃത്വം ഏറ്റെടുത്ത മഡുറോ തുടർന്നിങ്ങോട്ട് പ്രതിപക്ഷ, വിമതശബ്ദങ്ങളെ അടിച്ചമർത്തുന്നതായി ആരോപിക്കപ്പെടുന്നു. ജനുവരിയിലെ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടത്തിയാണ് അദ്ദേഹം അധികാരം നിലനിർത്തിയതെന്നും പറയുന്നു.