പാർലമെന്റിലെ ഇരുസഭകളിലും ന്യൂനപക്ഷം; രാജിയില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി
Tuesday, July 22, 2025 2:22 AM IST
ടോക്കിയോ: ജാപ്പനീസ് പാർലമെന്റിന്റെ ഉപരിസഭയിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും രാജിവയ്ക്കില്ലെന്നു പ്രധാനമന്ത്രി ഷിഗേരു ഇഷിബ.
വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) ഉപരിസഭയിൽ ന്യൂനപക്ഷമായി. പാർലമെന്റിന്റെ അധോസഭയിൽ എൽഡിപി നേരത്തതന്നെ ന്യൂനപക്ഷമാണ്. 1955 മുതൽ ജപ്പാൻ ഭരിക്കുന്ന എൽഡിപി ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.
വിലയക്കയറ്റവും അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ താരിഫ് ഭീഷണികളുമാണു ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ ഇഷിബ സർക്കാരിനെതിരേ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം നിലനിർത്താൻ 50 സീറ്റുകളാണു വേണ്ടിയിരുന്നത്. എന്നാൽ, ഇഷിബയുടെ എൽഡിപിയും സഖ്യകക്ഷിയായ കൊമെയ്തോ പാർട്ടിയും ചേർന്ന് 47 സീറ്റുകളാണു നേടിയത്.
തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന പാർട്ടികൾ അപ്രതീക്ഷിതമായി വലിയ നേട്ടം കൈവരിക്കുകയുമുണ്ടായി. ജപ്പാൻ ഒന്നാമത് എന്ന് വാദിക്കുന്ന സാൻസെയ്തോ പാർട്ടിയുടെ സീറ്റ് ഒന്നിൽനിന്ന് 14 ആയി വർധിച്ചു. മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ഡിപിപി സീറ്റുകളുടെ എണ്ണം നാലിൽനിന്ന് 17 ആയും ഉയർന്നു.