നൈജറില്‍ ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി
Sunday, July 20, 2025 2:45 AM IST
നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39), ദക്ഷിണേന്ത്യക്കാരനായ കൃഷ്ണന് എന്നിവരാണു മരിച്ചത്.
കൃഷ്ണന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാൾ മലയാളിയാണെന്നു സംശയമുണ്ട്. ജമ്മുകാഷ്മീർ സ്വദേശി രഞ്ജിത് സിംഗിനെയാണു തട്ടിക്കൊണ്ടുപോയത്.
നൈജര്‍ തലസ്ഥാനമായ നിയാമിയില്നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിൽ കഴിഞ്ഞ 15നായിരുന്നു സംഭവം. കെട്ടിടനിര്മാണസ്ഥലത്തു കാവല്‍ നില്ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.
പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യൻ കന്പനിയായ ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു മരിച്ചവരും തട്ടിക്കൊണ്ടുപോകപ്പെട്ടയാളും. ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കു പുറമെ ആറുപേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2023ലെ അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന് കീഴിലായ നൈജറിൽ അല്‍ക്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകരസംഘടനകള്‍ നടത്തുന്ന ആക്രമണം പതിവാണ്. ആക്രമണം നൈജറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നൈജറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി നിര്‍ദേശിച്ചു.