ബ്രസീലിൽ ട്രംപിന്റെ ഇടപെടൽ; ബോൾസൊനാരോയെ തൊട്ട ജഡ്ജിയുടെ വീസ യുഎസ് റദ്ദാക്കി
Saturday, July 19, 2025 11:55 PM IST
ബ്രസീലിയ: ബ്രസീലിലെ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരായ്ക്കെതിരേ നടപടിക്ക് ഉത്തരവിട്ട ബ്രസീലിയൻ സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊറേസിന്റെ വീസ റദ്ദാക്കി അമേരിക്ക.
2022ലെ തെരഞ്ഞെടുപ്പു തോൽവി അട്ടിമറിക്കാൻ കലാപം നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന ബോൾസൊനാരോ വിദേശ പ്രതിനിധികളുമായി ബന്ധപ്പടരുതെന്നും നിരീക്ഷണ സംവിധാനം ധരിക്കണമെന്നുമാണ് വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്. ബോൾസൊനാരോയുടെ വസതിയിൽ റെയ്ഡ് നടത്തിയ പോലീസ് അദ്ദേഹത്തിന്റെ കാലിൽ നിരീക്ഷണ സംവിധാനം ഘടിപ്പിച്ചു.
ഇതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബ്രസീലിയൻ സുപ്രീംകോടതി ജഡ്ജി ഡി മൊറേസിന്റെ വീസ റദ്ദാക്കാൻ ഉത്തരവിട്ടത്. ഡി മൊറേസിനെ പിന്തുണയ്ക്കുന്നവരുടെയും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെയും വീസ റദ്ദാക്കിയിട്ടുണ്ട്.
ബോൾസൊനാരോയുടെ വിചാരണ റദ്ദാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ബ്രസീലിയൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ സംഭവം. ട്രംപ് ബ്രസീലിയൻ നീതിന്യായ വ്യവസ്ഥയിൽ ഇടപെടേണ്ടെന്നാണ് അവിടുത്തെ പ്രസിഡന്റ് ലുലാ ഡാ സിൽവ മറുപടി നല്കിയിരിക്കുന്നത്.
ബോൾസൊനാരോയ്ക്കെതിരായ വിചാരണ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. വിചാരണ റദ്ദാക്കിയില്ലെങ്കിൽ അടുത്തമാസം ഒന്നുമുതൽ ബ്രസീലിന് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ നീക്കങ്ങൾ ബ്രസീലിൽ വിപരീത ഫലമാണുണ്ടാക്കുന്നത്. ട്രംപിന്റെ ഇടപെടലുകൾ ബ്രസീലിയൻ കോടതികളെ പ്രകോപിപ്പിക്കുന്നതിനു പുറമേ, പ്രസിഡന്റ് ലുലായ്ക്കു നഷ്ടമായ ജനപ്രീതി വീണ്ടെടുക്കാനും സഹായകരമാകുന്നു.
ബോൾസൊനാരോ രാജ്യത്തുനിന്നു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച സുപ്രീംകോടതി നടപടികളെടുത്തത്. ബോൾസൊനാരോ സോഷ്യൽ മീഡിയയിലൂടെയോ എംബസികൾ മുഖാന്തിരമോ വിദേശ പ്രതിനിധികളെ ബന്ധപ്പെടരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
രാജ്യം വിടാൻ പദ്ധതിയില്ലെന്നാണ് ബോൾസൊനാരോ പറയുന്നത്. എന്നാൽ കേസിനെത്തുടർന്ന് പിടിച്ചുവച്ച പാസ്പോർട്ട് തിരികെ കിട്ടിയാൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.