ടുണീഷ്യയിൽ മുൻ പ്രധാനമന്ത്രിക്ക് 34 വർഷം തടവ്
Sunday, May 4, 2025 12:19 AM IST
ടുണിസ്: ടുണീഷ്യയിൽ തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട മുൻ പ്രധാനമന്ത്രി അലി ലാറായദ്ദിന് കോടതി 34 വർഷം തടവ് വിധിച്ചു. പ്രസിഡന്റ് കായിസ് സെയ്ദിന്റെ വിമർശകനായ ലാറായദ്ദിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കപ്പെടുന്നു.
മാധ്യമപ്രവർത്തകർ, അഭിഭാഷകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരടക്കം പ്രസിഡന്റിന്റെ വിമർശകരായ 40 പേരാണ് കഴിഞ്ഞയാഴ്ചകളിൽ ജയിലിൽ അടയ്ക്കപ്പെട്ടത്.
പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ എന്നദ പാർട്ടിയുടെ നേതാവായ ലാറായദ്ദ് ടുണീഷ്യൻ യുവാക്കളെ സിറിയയിലേക്കും ഇറാക്കിലേക്കും ജിഹാദി യുദ്ധത്തിനയയ്ക്കാൻ തീവ്രവാദ സെൽ സ്ഥാപിച്ചു എന്നാണ് ആരോപണം. മൂന്നു വർഷം മുന്പ് അറസ്റ്റിലായ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.