ദേശീയപാത 66: പൂർത്തിയാക്കിയ ഭാഗത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: ദേശീയപാത 66ൽ സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ റീച്ചുകൾ കേന്ദ്ര ദേശീയപാത ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഗഡ്കരിയുടെ സൗകര്യാർഥം തീയതി തീരുമാനിച്ച് പരിപാടി നടത്തും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം റിയാസ് കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. കരാറുകാരുടെ അനാസ്ഥ മൂലമാണ് പണിക്ക് കാലതാമസം നേരിടുന്നതെന്ന് സംസ്ഥാന സർക്കാർ ഗഡ്കരിയെ അറിയിച്ചു. കരാറുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
ദേശീയ പാതയ്ക്കൊപ്പം കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ്, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ദേശീയപാത വികസനത്തിൽ കേരള സർക്കാർ എടുക്കുന്ന പ്രത്യേക താൽപര്യം കണക്കിലെടുത്ത് സ്ഥലം ഏറ്റെടുപ്പിന്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിത്തളളുമെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.
ദേശീയ പാതയുടെ 16 റീച്ചുകളിലായി 450 കിലോമീറ്റർ നിർമാണം ഇതുവരെ പൂർത്തിയായി. ജനുവരിയിൽ സംസ്ഥാനത്തെത്തുന്പോൾ പ്രവൃത്തി പുരോഗതി വിലയിരുത്താനും നിതിൻ ഗഡ്കരി സമയം കണ്ടെത്തും.
കരാറുകാർ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി, പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ഈ മാസം തന്നെ ചേരുമെന്ന് ഗഡ്കരി അറിയിച്ചിട്ടുണ്ട്. പണി പൂർത്തിയാകാത്ത കരാർ കന്പനികൾക്ക് യോഗത്തിൽ കർശന മുന്നറിയിപ്പ് നൽകും.
ദേശീയ പാത നിർമാണത്തെ തുടർന്ന് മുറിഞ്ഞുപോയ കോഴിക്കോട് പനാത്തുതാഴം- സിഡബ്ല്യുആർഡിഎം റോഡിൽ മേൽപ്പാലം നിർമിക്കാനുള്ള തുക നൽകുന്നത് കേന്ദ്രം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.