ഇന്ത്യയും യുകെയും സ്വാഭാവിക പങ്കാളികളെന്ന് മോദി
Friday, October 10, 2025 2:45 AM IST
മുംബൈ: ലോകം അസ്ഥിരതയിലൂടെ കടന്നുപോകുന്പോഴും, ആഗോള സ്ഥിരതയുടെയും സാന്പത്തിക പുരോഗതിയുടെയും പ്രധാന തൂണായി നിലകൊള്ളുന്ന ഒന്നാണ് ഇന്ത്യ-യുകെ പങ്കാളിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം.
ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ-നാവിക പ്രതിരോധം സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾക്കും ധാരണയായി. ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവയ്ക്കാനായതു വ്യാപാരരംഗത്ത് വൻനേട്ടമാകുമെന്ന വിലയിരുത്തലാണ് ഇരുനേതാക്കൾക്കുമുള്ളത്.
100 സിഇഒമാർ, വ്യവസായികൾ, സർവകലാശാല വൈസ് ചാൻസലർമാർ എന്നിവരോടൊപ്പം ബുധനാഴ്ച മുംബൈയിൽ വന്നിറങ്ങിയ സ്റ്റാർമർക്ക് വൻ വരവേൽപ്പാണ് ഇന്ത്യ നൽകിയത്. “ഇന്ത്യയും യുകെയും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നീ പൊതുമൂല്യങ്ങളിലാണ് നമ്മുടെ ബന്ധം പടുത്തുയർത്തിയിരിക്കുന്നത്’’ സ്റ്റാർമറുടെ സാന്നിധ്യത്തിൽ മോദി മാധ്യമങ്ങളോട് പറഞ്ഞു.
യുകെ-ഇന്ത്യ സമഗ്ര സാന്പത്തിക, വ്യാപാര ഉടന്പടി നിർണായകമാണെന്നും തീരുവ വെട്ടിക്കുറയ്ക്കാനും പരസ്പരം വിപണികളിൽ ഇടപെടാനും തൊഴിൽ സൃഷ്ടിക്കാനും കാരണമാകുമെന്നും സ്റ്റാർമർ പറഞ്ഞു.
യുക്രെയ്നിലും ഇന്തോ പസഫിക് മേഖലയിലും ശാശ്വതമായ സമാധാനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കാലാവസ്ഥ-ഊർജമേഖലകളിൽ സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചകളിൽ കടന്നുവന്നു.