ഇന്ത്യയിലെ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഡൽഹി എയിംസിൽ 45കാരൻ വിധേയനായി. ഡാവിഞ്ചി റോബോട്ടിക് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചത്.
അധികം രക്തം ചിന്താതെ, ത്രീഡി വിഷ്വലൈസേഷന്റെ സഹായത്തോടെ കൂടുതൽ വൈദഗ്ധ്യവും കൃത്യതയും സമന്വയിപ്പിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ചീഫ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. വീരേന്ദ്ര ബൻസാൽ പറഞ്ഞു. ഇതിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും അനാവശ്യ സങ്കീർണതകൾ ഒഴിവാക്കാനും സാധിക്കും.
സെപ്റ്റംബർ മൂന്നിന് നടന്ന ശസ്ത്രക്രിയ നാല് മണിക്കൂറോളം നീണ്ടുനിന്നുവെന്നും പത്തു ദിവസത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു. അന്തിമ ഘട്ടത്തിലെത്തിയ വൃക്ക തകരാറുകൾ രാജ്യമെങ്ങും വർധിക്കുന്പോൾ കൃത്യതയിലൂന്നിയ ഇത്തരം സാങ്കേതികവിദ്യകൾ അനിവാര്യമാണെന്നാണ് വിദഗ്ധാഭിപ്രായം.