മുഡ ഭൂമി ഇടപാട് : പ്ലോട്ടുകൾ തിരികെ നൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ
Wednesday, October 2, 2024 4:10 AM IST
ബംഗളൂരു: മൈസൂരു നഗരവികസന അഥോറിറ്റി (മുഡ) ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട വിവാദപ്ലോട്ടുകൾ തിരികെ നൽകാൻ തയാറാണെന്ന് കർണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി.
പണത്തെയും ഭൂമിയെയുംകാൾ വലുത് തന്റെ ഭർത്താവിന്റെ അഭിമാനമാണെന്നാണ് മുഡയ്ക്ക് അയച്ച കത്തിൽ പാർവതി പറഞ്ഞിരിക്കുന്നത്. ""ഞാൻ നൽകിയ ഭൂമിക്ക് പകരമായി മുഡ എനിക്ക് നൽകിയ 14 പ്ലോട്ടുകളും തിരികെനൽകാൻ തയാറാണ്. ഭൂമി തിരിച്ചെടുക്കാൻ ആവശ്യമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളണം. എന്റെ ഭർത്താവിന്റെ അഭിമാനത്തെക്കാളും വലുതല്ല എനിക്ക് മറ്റൊന്നും. വർഷങ്ങളായി പൊതുപ്രവർത്തനം ചെയ്യുന്ന കുടുംബമാണിത്, അവിടെനിന്നു അർഹതയില്ലാത്ത ഒന്നിനുംവേണ്ടി ഞാൻ ആഗ്രഹിച്ചിട്ടില്ല'', പാർവതി കത്തിൽ വ്യക്തമാക്കി.
സൈറ്റുകൾ തിരികെ നൽകാനുള്ള തീരുമാനമെടുത്തത് തന്റെ ഭർത്താവുമായോ മകനുമായോ കുടുംബാംഗങ്ങളുമായോ കൂടിയാലോചിച്ചിട്ടല്ലെന്നും മനഃസാക്ഷിയനുസരിച്ചാണെന്നും പാർവതി പറഞ്ഞു.
പാർവതിയുടെ കത്ത് മകനും എംഎൽഎയുമായ യതീന്ദ്ര സിദ്ധരാമയ്യ ഇന്നലെ മുഡ കമ്മീഷണർ എ.എൻ. രഘുനന്ദന്റെ ഓഫീസിൽ നേരിട്ട് സമർപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചതിനു ശേഷം കത്തിൽ തുടർനപടികളെടുക്കുമെന്ന് മുഡ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഭൂമിയിടപാട് കേസ് അന്വേഷിക്കുന്ന ലോകായുക്ത സംഘം വിവാദ ഭൂമി അളന്നു.
""പാർവതി വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇര''
തനിക്കെതിരേയുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണു ഭാര്യ പാർവതിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിവാദ പ്ലോട്ടുകൾ തിരികെ നൽകാനുള്ള പാർവതിയുടെ തീരുമാനം തന്നെ അദ്ഭുപ്പെടുത്തിയെന്നും സിദ്ധരാമയ്യ പറഞ്ഞു.
എനിക്കെതിരേ രാഷ്ട്രീയ വിദ്വേഷമുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾ വ്യാജ പരാതി നൽകി എന്റെ കുടുംബത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചു. ഭാര്യക്കുണ്ടായ മാനസിക ബുദ്ധിമുട്ടിൽ എനിക്ക് വിഷമമുണ്ട്- സിദ്ധരാമയ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.