ജമ്മു - കാഷ്മീർ തെരഞ്ഞെടുപ്പ് : കോൺഗ്രസ്-എൻസി സഖ്യത്തിനെതിരേ പ്രധാനമന്ത്രി
Friday, September 20, 2024 1:07 AM IST
ജമ്മു: ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370- ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിലൂടെ പാക്കിസ്ഥാന്റെ അജണ്ട നടപ്പാക്കാനാണു സഖ്യം ശ്രമിക്കുന്നതെന്നും എന്നാൽ അതു സംഭവിക്കാൻ ഒരുകാരണവശാലും അവസരമുണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സഖ്യത്തിൽ പാക്കിസ്ഥാനാണ് അതിയായി സന്തോഷിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി 370 -ാം വകുപ്പ് പുനസ്ഥാപിക്കുന്നതിനെ പാക് പ്രതിരോധമന്ത്രി പരസ്യമായി അനുകൂലിച്ചുവെന്നും പറഞ്ഞു. രിസായിയിലെ കാത്രയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ശ്രീനഗറിൽ നേരത്തേ നടന്ന റാലിയിൽ കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്കു വർഷം 18,000 രൂപ സഹായം നൽകും. എല്ലാ കുടുംബങ്ങൾക്കും വർഷം ഏഴു ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സ ഉറപ്പാക്കും. സോളാർ പാനൽ സ്ഥാപിക്കാൻ 80,000 രൂപ ഉൾപ്പെടെ വാഗ്ദാനങ്ങളും പ്രധാനമന്ത്രി നൽകി.
കാഷ്മീർ ജനത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എങ്ങനെയായിരിക്കുമെന്നാണ് ലോകം ഇപ്പോൾ ശ്രദ്ധിക്കുന്നത്. 25ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള വോട്ടിംഗ് റെക്കോർഡുകളെല്ലാം തകർക്കണമെന്നും പ്രധാനമന്ത്രി വോട്ടർമാരോട് അഭ്യർഥിച്ചു.
രാഷ് ട്രീയലക്ഷ്യം വച്ച് യുവജനങ്ങൾക്ക് ആയുധം നൽകിയതു കോണ്‍ഗ്രസും നാഷണൽ കോണ്‍ഫറൻസും പിഡിപിയുമാണെന്നും എന്നാൽ വിദ്യാഭ്യാസ, വ്യവസായ, തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് കേന്ദ്രസർക്കാർ മുന്നേറുകയാണെന്നും പ്രധാമന്ത്രി വ്യക്തമാക്കി.