രാമേശ്വരം കഫേ സ്ഫോടനം: നാല് പേർക്കെതിരേ കുറ്റപത്രം
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ നാലു പേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മുസവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദിനത്തിൽ ബംഗളൂരുവിലെ ബിജെപി ഓഫീസിൽ പ്രതികൾ സ്ഫോടനം നടത്താൻ ശ്രമിച്ചെന്നു കുറ്റപത്രത്തിൽ പറയുന്നു. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.
പ്രതികൾ നാലു പേരും നിലവിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. ക്രിപ്റ്റോകറൻസിയിലൂടെയാണു താഹയ്ക്കും ഷാസിബിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം ലഭിച്ചിരുന്നത്. ടെലിഗ്രാം വഴിയുള്ള പിറ്റുപി പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഇന്ത്യൻ രൂപയാക്കി മാറ്റുകയും ചെയ്തു.
ഇന്ത്യൻ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരിൽ ഉണ്ടാക്കിയാണ് പ്രതികൾ പണമിടപാട് നടത്തിയത്. ഡാർക് വെബ് വഴിയാണ് വ്യാജ ഐഡി ഉണ്ടാക്കിയത്.