പൂജാ ഖേദ്കറെ പിരിച്ചുവിട്ടു
Sunday, September 8, 2024 2:25 AM IST
ന്യൂഡൽഹി: വ്യാജ തിരിച്ചറിയൽ രേഖകളടക്കം ഹാജരാക്കി പരീക്ഷയെഴുതി ജയിച്ച വിവാദ ട്രെയിനി ഐഎഎസുകാരി പൂജാ ഖേദ്കറെ കേന്ദ്ര സിവിൽ സർവീസിൽനിന്ന് കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ഐഎഎസിൽ പ്രവേശനം നേടാനായി പിന്നാക്ക സംവരണ രേഖകളിലും ഭിന്നശേഷി രേഖകളിലും കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണു നടപടി.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള പൂജയുടെ തെരഞ്ഞെടുപ്പ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ജൂലൈയിൽ റദ്ദാക്കിയിരുന്നു. പ്രവേശന പരീക്ഷ എഴുതുന്നതിൽനിന്ന് പൂജയെ ആജീവനാന്തം വിലക്കുകയും ചെയ്തു.
സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ കൃത്രിമമായി പൂജ നിർമിച്ചിരുന്നു. 2022ലും 2023ലും വ്യത്യസ്തമായ രേഖകളാണു സമർപ്പിച്ചിരിക്കുന്നതെന്നും ഡൽഹി പോലീസ് കണ്ടെത്തി. പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കർ അനധികൃത സ്വത്ത് സന്പാദന കേസിൽ അന്വേഷണം നേരിടുകയുമാണ്.
രണ്ടു വർഷത്തെ പ്രൊബേഷൻ കാലത്ത് അർഹതയില്ലാത്ത കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായി പൂജ ആവശ്യമുന്നയിച്ചത് വിവാദമായിരുന്നു.
ട്രെയിനി ഐഎഎസ് ഓഫീസറായിരുന്ന പൂജയുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പൂന കളക്ടർ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്കിന് ജൂണിൽ കത്തെഴുതിയതോടെയാണ് പൂജയുടെ തട്ടിപ്പുകൾ പുറംലോകം അറിഞ്ഞത്. തുടർന്ന് പൂജയെ സ്ഥലം മാറ്റിയശേഷമായിരുന്നു അന്വേഷണം.
സിവിൽ സർവീസ് പരീക്ഷയിൽ അനുവദനീയമായതിലും കൂടുതൽ ശ്രമങ്ങൾ പൂജ പ്രയോജനപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. പലതവണ പരീക്ഷയെഴുതാൻ വ്യാജ തിരിച്ചറിയൽ രേഖ പൂജ ഉണ്ടാക്കിയതായും കണ്ടെത്തിയിരുന്നു.