പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: സമരം വീണ്ടും ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാക്ടർ റാലി നടത്താൻ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചു.
സ്വതന്ത്ര്യദിനത്തിനു ശേഷം വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷകസംഘടനകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡൽഹി അതിർത്തിയായ ശംഭുവിലേക്ക് മാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ചയും തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 15ന് ഹരിയാനയിൽ കിസാൻ മഹാപഞ്ചായത്ത് നടത്താനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കർഷകർ ഇതിന്റെ ഭാഗമാകും.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം, കർഷക വായ്പ എഴുതിത്തള്ളൽ, വൈദ്യുതി മേഖല സ്വകാര്യവത്കരണത്തിൽനിന്നു പിന്മാറുക, വിളകൾക്കും മൃഗസംരക്ഷണത്തിനും സമഗ്രമായ ഇൻഷ്വറൻസ് പരിരക്ഷ, കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ, ലഖിംപുർ ഖേരിയിലെ രക്തസാക്ഷികൾ ഉൾപ്പെടെ ചരിത്രപരമായ കർഷകസമരത്തിലെ രക്തസാക്ഷികളുടെ എല്ലാ കുടുംബങ്ങൾക്കും നഷ്ടപരിഹാരം തുടങ്ങി നിരവധി ആവശ്യങ്ങൾ കർഷകർ ഉന്നയിക്കുന്നുണ്ട്.
കർഷകരെ തടയുന്നതിന് ഡൽഹി അതിർത്തിയിൽ പോലീസ് തീർത്ത ബാരിക്കേഡ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ച നടത്താൻ ഹരിയാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു.