പാഠപുസ്തകങ്ങളിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രതിഷ്ഠിക്കാൻ ബിജെപി ശ്രമിക്കുന്നു: ഖാർഗെ
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽനിന്നു ഭരണഘടന മാറ്റി ആർഎസ്എസ് പ്രത്യയശാസ്ത്രം കൊണ്ടുവരാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ബിജെപി സർക്കാർ ഗാന്ധിജിയുടെയും അംബേദ്കറുടെയും പ്രതിമകൾ മാറ്റാനാണു മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ ശൂന്യവേളയിലാണ് ബിജെപിയെ കടന്നാക്രമിച്ച് ഖാർഗെ രംഗത്തുവന്നത്. മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്ന പാഠഭാഗം ഉൾപ്പെടുത്തണം. ഭരണഘടനയെ ഒഴിവാക്കി വരുത്തിയ മാറ്റങ്ങൾ പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
എന്നാൽ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ച പുസ്തകങ്ങളിൽ ഭരണഘടന ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനുപുറമെ മൗലിക കർത്തവ്യങ്ങളും കടമകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണം ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ പറഞ്ഞു.