വിമാനയാത്ര: ആറു മാസത്തിനിടെ വലഞ്ഞത് മൂന്നു ലക്ഷത്തിനടുത്ത് യാത്രക്കാർ
Friday, August 2, 2024 2:43 AM IST
ന്യൂഡൽഹി: ജനുവരി മുതൽ ജൂണ്‍ വരെ വിമാനങ്ങൾ റദ്ദാക്കിയതു ബാധിച്ചത് 292860 യാത്രക്കാരെയെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. രാംമോഹൻ നായിഡു.
ഇവർക്ക് സൗകര്യമൊരുക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും 6.23 കോടി ചെലവായതായും ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ലോക്സഭയിൽ പറഞ്ഞു.
ജനുവരി മുതൽ ജൂണ്‍ വരെ യഥാക്രമം 68352, 29143, 23675, 32314, 62100, 77276 യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയതു ബാധിച്ചത്. ഈ മാസങ്ങളിൽ യഥാക്രമം 143.74, 99.96, 40.30, 89.26, 130.23, 119.22 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും സൗകര്യങ്ങൾ ഒരുക്കാനും ചെലവഴിച്ചു.
കഴിഞ്ഞ ജൂലൈ 15ന് കേരളത്തിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ആന്റോ ആന്റണിയുടെ ചോദ്യം.
വിമാനം റദ്ദാക്കുന്ന വിവരം യാത്രക്കാരനെ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പ് അറിയിച്ചില്ലെങ്കിൽ പകരം യാത്രാസൗകര്യമോ, വിമാനടിക്കറ്റിന്റെ മൊത്തം തുകയും കൂടാതെ നഷ്ടപരിഹാരവും വിമാന കന്പനികൾ നൽകേണ്ടതാണ്.
മോശം കാലാവസ്ഥയോ സാങ്കേതിക പ്രവർത്തന തകരാറുകൾ മൂലമോ ആണ് വിമാനസർവീസുകൾ റദ്ദാക്കുന്നതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.