രാഹുലും പ്രിയങ്കയും വയനാട്ടിലേക്ക്
Wednesday, July 31, 2024 3:19 AM IST
ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും.
പരമാവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ ദുരന്തഭൂമി സന്ദർശിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂർണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കളക്ടറുമായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവർക്ക് പിന്തുണയും സാന്ത്വനവും നൽകണമെന്നും എല്ലാവർക്കും ഉടൻ സുരക്ഷിതസ്ഥാനത്തേക്ക് എത്താൻ സാധിക്കട്ടേയെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.