സിഎഎ വിരുദ്ധ സമരം: ഷർജീൽ ഇമാമിന് ജാമ്യം
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സർവകലാശാല, അലിഗഡ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഗവേഷണവിദ്യാർഥി ഷർജീൽ ഇമാമിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഷർജീലിനെ 2020 ജനുവരിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു ഷർജീൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരമാവധി ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണു തനിക്കെതിരേ ആരോപിച്ചിരിക്കുന്നതെന്നും എന്നാൽ നാലര വർഷത്തോളം താൻ ജയിലിൽ കഴിഞ്ഞെന്നും ഷർജീൽ കോടതിയിൽ പറഞ്ഞു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഷർജീൽ പ്രതിയാണ്. ഈ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇയാളുടെ ജയിൽ മോചനം ഉടൻ ഉണ്ടാകില്ല. ഡൽഹി, ആസാം, മണിപ്പുർ, അരുണാചൽപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇയാൾക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.