കൊച്ചിയിലേക്കുള്ള വിമാനത്തിൽ തീപിടിത്തം
Monday, May 20, 2024 3:22 AM IST
ബംഗളൂരു: ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിനു തീപിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി.
ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനം 11.12 ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തീപിടിച്ചതോടെയാണിത്. യാത്രക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം വിമാനത്തിലെ തീ അണയ്ക്കുകയും ചെയ്തു. 179 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് ബംഗളൂരു വിമാനത്താവളം അധികൃതർ അപകടദിവസംതന്നെ വ്യക്തമാക്കിയിരുന്നു.
എയർ ഇന്ത്യ അധികൃതർ ഏർപ്പാടാക്കിയ മറ്റൊരു വിമാനത്തിൽ ഇന്നലെ ഉച്ചയോടെയാണു ഭൂരിഭാഗം യാത്രക്കാരും കൊച്ചിയിലെത്തിയത്. പറന്നുയർന്നയുടൻ തീ പിടിച്ചുവെന്ന വിവരം ലഭിച്ചിരുന്നുവെന്ന് വിമാനത്തിലെ മുതിർന്ന യാത്രക്കാരിലൊരാൾ പറഞ്ഞു. ഭയചകിതരായ യാത്രക്കാരുടെ കൂട്ടനിലവിളിയിയിരുന്നു പിന്നാലെ.
വിമാനം അടിയന്തരമായി തിരിച്ചിറക്കിയശേഷം യാത്രക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ ജീവനക്കാർ പുലർത്തിയ ജാഗ്രത എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പറന്നുയർന്ന് അഞ്ചു മിനിറ്റിനുള്ളിൽ തീ ശ്രദ്ധയിൽപ്പെട്ടുവെന്ന് മറ്റൊരു യാത്രക്കാരൻ പറഞ്ഞു. വേഗത്തിൽ ആളുകളെ ഒഴിപ്പിച്ചെങ്കിലും കൊച്ചിയിലെത്താനുള്ള പകരം വിമാനം സജ്ജമാക്കാൻ ഏറെ വൈകിയെന്ന് ചില യാത്രക്കാർ പരാതിപ്പെട്ടു. പലർക്കും ചെക്ക് ഇൻ ബാഗുകൾ തിരികെ ലഭിച്ചിട്ടില്ല. ഇത് വീടുകളിൽ എത്തിച്ചുനൽകാമെന്നാണ് എയർ ഇന്ത്യ അധികൃതർ ഉറപ്പു നൽകിയിരിക്കുന്നത്.