നാളെ ആദ്യഘട്ട വിധിയെഴുത്ത്
Thursday, April 18, 2024 1:58 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലടക്കം 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭാ മണ്ഡലങ്ങളിലേക്കു നാളെ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം സമാപിച്ചു. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ഇന്നു നിശബ്ദ പ്രചാരണവും നാളെ പോളിംഗും നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാമിലും ത്രിപുരയിലും, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാഗാലാൻഡിലും, രാഹുൽ ഗാന്ധി പടിഞ്ഞാറൻ ഉത്തർപ്രദേശിലുമായിരുന്നു ഇന്നലെ പ്രചാരണം നടത്തിയത്. ബിജെപി, ഇന്ത്യ സഖ്യം നേതാക്കൾ പ്രധാനമായും റാലികളും ചെറുയോഗങ്ങളും ആശ്രയിച്ചാണു പ്രചാരണം പൂർത്തീകരിച്ചത്.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്.
സമയം പൂർത്തിയാകുന്പോൾ വോട്ടർമാർ ക്യൂവിൽ ഉണ്ടെങ്കിൽ ഒരു മണിക്കൂർകൂടി അധികമായി നൽകും. രാജ്യത്തെല്ലായിടത്തും പൂർണമായി വോട്ടിംഗ് യന്ത്രങ്ങളിലാകും വോട്ടെടുപ്പ്. വോട്ടർമാർക്ക് തങ്ങളുടെ വോട്ട് കാണാനായി ഒപ്പം വിവിപാറ്റ് യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നാളെ വോട്ട് ചെയ്യുന്നവരും വോട്ടെണ്ണുന്ന ജൂണ്‍ നാലു വരെ ഫലമറിയാൻ കാത്തിരിക്കണം.
മത്സരരംഗത്തെ പ്രമുഖർ
ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ നിതിൻ ഗഡ്കരി, ജീതേന്ദ്ര സിംഗ്, സർബാനന്ദ സോനോവാൾ, കിരണ്‍ റിജുജു, അർജുൻ റാം മേഘ്വാൾ, മുൻ ഗവർണർ തമിഴസൈ സൗന്ദരരാജൻ, യുപി മന്ത്രി ജിതിൻ പ്രസാദ, തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ, കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയി, നകുൽ നാഥ്, ഗോവിന്ദ്റാം മേഘ്വാൾ, ഡിഎംകെ നേതാക്കളായ എ. രാജ, ദയാനിധി മാരൻ തുടങ്ങിയവരാണു നാളെ ജനവിധി തേടുന്ന പ്രമുഖർ. ആദ്യഘട്ടത്തിൽ എട്ട് കേന്ദ്ര മന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ഒരു മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിമാരും മത്സരരംഗത്തുണ്ട്.