രണ്ടു വർഷത്തിനിടെ രാജ്യസഭാ എംപിമാർക്കു ചെലവിട്ടത് 200 കോടി
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: കഴിഞ്ഞ രണ്ടുവർഷത്തിനിടെ രാജ്യസഭാ എംപിമാർക്കായി കേന്ദ്രം ചെലവഴിച്ചത് 200 കോടി രൂപയെന്ന് വിവരാവകാശരേഖ. ഇതിൽ 63 കോടി രൂപ എംപിമാരുടെ യാത്രകൾക്കുവേണ്ടി മാത്രം ചെലവഴിച്ച തുകയാണ്. 2021-22 സാന്പത്തികവർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 97 കോടി രൂപയിലധികം രാജ്യസഭാംഗങ്ങൾക്കായി ഖജനാവിൽനിന്നു ചെലവഴിച്ചിട്ടുണ്ട്.
എല്ലാ രാജ്യസഭാ എംപിമാരുടെയും ശന്പളം ചേർത്ത് 57.6 കോടി രൂപ ചെലവായി. 1954ലെ സാലറി ആൻഡ് അലവൻസസ് മെംബർ ഓഫ് പാർലമെന്റ് ചട്ടപ്രകാരം പ്രതിമാസം 2.10 ലക്ഷം രൂപയാണ് ഒരു രാജ്യസഭാ എംപിക്ക് ശന്പളമിനത്തിൽ ലഭിക്കുക. ഇതിൽ 20,000 രൂപ ഓഫീസ് ചെലവിനത്തിലാണ് വകയിരുത്തുന്നത്. ബാക്കി 1.90 ലക്ഷത്തിൽ ശന്പളവും മറ്റ് അലവൻസുകളും ഉൾപ്പെടുന്നു. 28.5 കോടി രൂപ രാജ്യത്തിനകത്തുള്ള യാത്രകൾക്കും 1.28 കോടി രൂപ അന്താരാഷ്ട്ര യാത്രകൾക്കും ചെലവായിട്ടുണ്ട്.
രാജ്യസഭാ എംപിമാർക്ക് അനുവദിക്കപ്പെട്ട യാത്രാ അലവൻസിന്റെ ഭാഗമാണിത്. മെഡിക്കൽ ഇനത്തിൽ 17 ലക്ഷം രൂപയാണ് ആകെ ചെലവായിട്ടുള്ളത്. ഓഫീസ് ചെലവുകൾക്കായി 7.5 കോടി രൂപയും വിനിയോഗിക്കേണ്ടിവന്നു. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് എംപിമാർക്കു ലഭിച്ചിട്ടുള്ള സഹായങ്ങൾക്കു മാത്രം 1.2 കോടി രൂപ ചെലവുണ്ട്.
മധ്യപ്രദേശിൽനിന്നുള്ള ചന്ദർശേഖർ ഗൗറിന്റെ വിവരാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രാജ്യസഭാ സെക്രട്ടേറിയറ്റാണു വിശദമായ മറുപടി നൽകിയത്.