തെരഞ്ഞെടുപ്പിനു മുമ്പേ കര്‍ണാടകയില്‍ ഉറിഗൗഡ, നഞ്ചെഗൗഡ വിവാദം
ശ്രീജിത് കൃഷ്ണന്
Monday, March 27, 2023 12:43 AM IST
ബംഗളൂരു: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ പുതിയ വിവാദവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൊക്കലിഗ നായകരായ ഉറിഗൗഡയും നഞ്ചെഗൗഡയും ചേര്‍ന്നാണ് 1799 ലെ നാലാം മൈസൂരു യുദ്ധത്തില്‍ ടിപ്പു സുല്‍ത്താനെ കൊലപ്പെടുത്തിയതെന്ന ‘പുതിയ’ചരിത്രഭാഷ്യമാണു വിവാദമാകുന്നത്. കോണ്‍ഗ്രസും ജനതാദളുമുള്പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് വെറുമൊരു കെട്ടുകഥയായി തള്ളിക്കളയുമ്പോള്‍ ഇതാണു യഥാര്‍ഥ ചരിത്രമെന്നാണു ബിജെപി നേതാക്കളുടെ വാദം.
മൈസൂരു സര്‍വകലാശാലാ വിസിയായിരുന്ന പ്രഫ.ഡി. ജവരെ ഗൗഡ മാണ്ഡ്യ മേഖലയുടെ ചരിത്രമുള്ക്കൊള്ളിച്ച് 2006ല്‍ തയാറാക്കിയ "സുവര്‍ണ മാണ്ഡ്യ’ എന്ന പുസ്തകത്തിലാണ് ഉറി ഗൗഡ, നഞ്ചെഗൗഡ എന്നിവരെക്കുറിച്ചും ടിപ്പുവിനെതിരായ യുദ്ധത്തില്‍ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ചും പരാമര്‍ശമുള്ളത്. അടുത്തിടെ മന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇത് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു.ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെക്കാലമായി കര്‍ണാടകയില്‍ വൈകാരിക വിഷയമാണ്.
കോണ്‍ഗ്രസ്, ജനതാദള്‍ കക്ഷികള്‍ ടിപ്പുവിനെ സ്വാതന്ത്ര്യസമര സേനാനിയായി കാണുമ്പോള്‍, ടിപ്പു ഇതരസമുദായക്കാര്ക്കുനേരേ കടുത്ത പീഡനങ്ങള്‍ നടത്തിയ മതവാദിയായിരുന്നുവെന്നാണു ബിജെപിയുടെ
പക്ഷം. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ തലത്തില്‍ നടത്തിയിരുന്ന ടിപ്പു ജയന്തി ആഘോഷങ്ങള്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഉപേക്ഷിച്ചിരുന്നു. ടിപ്പുവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ സംസ്ഥാനത്തു പലവട്ടം സംഘർഷങ്ങളുമുണ്ടായിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കൊപ്പം മറാഠാ സൈന്യവും ഹൈദരാബാദ് നൈസാമിന്റെ സേനയും ചേര്‍ന്നാണ് 1799 ലെ അവസാനയുദ്ധത്തില്‍ ടിപ്പുവിനെ നേരിട്ടതെന്നാണു ചരിത്രപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത്.
ടിപ്പുവിന്റെ പക്ഷത്തുനിന്ന് കൂറുമാറി നൈസാമിനൊപ്പം ചേര്‍ന്ന മിര്‍ ജാഫര്‍ എന്ന പടനായകന്റെ സഹായത്തോടെയാണ് ഇവര്‍ ടിപ്പുവിനെ കൊലപ്പെടുത്തിയതെന്നാണു ഭൂരിഭാഗം ചരിത്രകാരന്മാരുടെയും നിഗമനം.
നൈസാമിന്റെ സൈന്യത്തിന്റെയും മിര്‍ ജാഫറിന്റെയും പങ്കാളിത്തംതന്നെ യുദ്ധത്തില്‍ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ടിപ്പുവിന്റെ ഭരണകാലത്ത് കൊടിയ പീഡനങ്ങളേറ്റു വാങ്ങിയ വൊക്കലിഗര്‍ ഉറിഗൗഡയുടെയും നഞ്ചെഗൗഡയുടെയും നേതൃത്വത്തില്‍ പ്രതികാരത്തിനായി തയാറെടുത്ത് നൈസാമിനൊപ്പം ചേര്ന്നിരുന്നതായാണു ബിജെപി അനുകൂല ചരിത്രകാരന്മാരുടെ പക്ഷം. ഇവരാണ് യുദ്ധത്തിന്റെ മുന്നണിയില്‍നിന്നു ടിപ്പുവിനു നേരേ വെടിയുതിര്‍ത്തതെന്നും അവര്‍ പറയുന്നു. ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ മുനിരത്ന ഇതുമായി ബന്ധപ്പെട്ട് സിനിമ നിര്മിക്കുമെന്നുകൂടി പ്രഖ്യാപിച്ചതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.
എന്നാല്‍, കൃത്യമായ തെളിവില്ലാത്ത കഥകളുടെ പേരില്‍ സംസ്ഥാനത്തെ സമുദായ സൗഹാര്‍ദം തകര്‍ക്കരുതെന്ന നിലപാടുമായി വൊക്കലിഗ സമുദായാചാര്യന്മാര്തന്നെ ഇറങ്ങിയതോടെ ബിജെപി പ്രതിരോധത്തിലായി. വൊക്കലിഗ സമുദായത്തില്‍ പെട്ട ഡി.കെ. ശിവകുമാറിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വൊക്കലിഗര്‍ക്കും മുസ്ലിംകള്ക്കുമിടയില് ഭിന്നത സൃഷ്ടിച്ച് മുതലെടുപ്പു നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണത്തിനും ഇതോടെ മൂര്‍ച്ച കൂടി.
സമുദായത്തിന്റെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ സിനിമ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്നു ബിജെപി നേതാക്കള്‍ പിന്മാറിയിട്ടുണ്ട്. വിവാദവിഷയങ്ങള്‍ മാറ്റിനിര്‍ത്തി വികസനനേട്ടങ്ങള്‍ അവതരിപ്പിച്ചാകും പ്രചാരണത്തിനിറങ്ങുകയെന്ന വിശദീകരണവുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.