അഖിലേഷ് മയിൻപുരിയിലെ കാർഹാൽ മണ്ഡലത്തിൽ മത്സരിക്കും
Friday, January 21, 2022 12:40 AM IST
ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മയിൻപുരി ജില്ലയിലെ കാർഹാൽ മണ്ഡലത്തിൽ മത്സരിക്കും.
ആദ്യമായാണ് ഇദ്ദേഹം നിയമസഭയിലേക്കു മത്സരിക്കുന്നത്. അസംഗഡിൽനിന്നുള്ള ലോക്സഭാംഗമായ അഖിലേഷ് അസംഗഡ് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. മൂന്നാം ഘട്ടത്തിലാണു കാർഹാലിൽ തെരഞ്ഞെടുപ്പ് നടക്കുക.
മയിൻപുരി സമാജ്വാദി പാർട്ടിയുടെ പരന്പരാഗത ശക്തികേന്ദ്രമാണ്. എസ്പി സ്ഥാപകൻ മുലായം സിംഗ് യാദവ് മയിൻപുരിയിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2017ൽ കാർഹാലിൽ എസ്പി സ്ഥാനാർഖി സോബ്രൻ യാദവ് 38,405 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. നാലു തവണ നിയമസഭാംഗമായ മുതിർന്ന നേതാവാണ് സോബ്രൻ യാദവ്.