ബാബ്റി കേസ് വിധി 30ന്; സുരക്ഷ ശക്തമാക്കും
Monday, September 28, 2020 12:43 AM IST
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ലക്നൗവിലെ പ്രത്യേക കോടതി 30നു വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങളോടുമായി നിർദേശം നൽകിയത്. സാമുദായിക സൗഹാർദത്തിനു ഭീഷണിയുണ്ടാകുന്ന സംഭവങ്ങൾക്കെതിരേ കർശന ജാഗ്രത പാലിക്കാൻ നിർദേശിക്കുന്നതിനൊപ്പം ദേശവിരുദ്ധ ശക്തികളുടെ ആക്രമണത്തിനു സാധ്യതയുണ്ടെ ന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 30നു വിധി പ്രഖ്യാപിക്കുമെന്ന് പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്ര കുമാർ യാദവാണ് അറിയിച്ചത്. ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാണ് സിംഗ് അടക്കമുള്ളവർ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു.