ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
Thursday, January 30, 2020 12:11 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചു.
ഡൽഹിയിൽനിന്ന് ചൈനയിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. 21 വിമാന സർവീസുകൾ കർശന നിരീക്ഷണത്തിലാണ്. ഫെബ്രുവരി ഒന്നു മുതലുള്ള ബാംഗളൂരു-ഹോങ്കോംഗ് വിമാനവും ഫെബ്രുവരി 20 വരെ ഡൽഹി-ചെംഗ്ദു വിമാനവും ഇൻഡിഗോ റദ്ദാക്കി. അതേസമയം ഇൻഡിഗോയുടെ കൊൽക്കത്ത-ഗുവാൻഷു വിമാന സർവീസ് കർശന പരിശോധനകളോടെ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിലെ ജീവനക്കാരോട് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് എയർ ഇന്ത്യ നിർദേശം നൽകി. ഒരു സെർബിയൻ പൗരൻ ചൈനയിൽ നിന്ന് കഴിഞ്ഞ ദിവസം ഡൽഹി വഴി ഗോവയിലെത്തിയിരുന്നു.
ചൈനയിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയും അമ്മയും മധ്യപ്രദേശിലെ ഉജ്ജയിനിലെ സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കർശന നിരീക്ഷണത്തിലാണ്. ചൈനയിലേക്ക് യാത്ര ചെയ്തിട്ടുള്ള മൂന്നു പേർ പഞ്ചാബിലും ഹരിയാനയിലും നിരീക്ഷണത്തിലാണ്.