കാഷ്മീരിൽ നിയന്ത്രണങ്ങളോടെ ചില മേഖലകളിൽ ഇന്റർനെറ്റ്
Thursday, January 16, 2020 12:30 AM IST
ശ്രീനഗർ: ദേശവിരുദ്ധ ശക്തികളും ഭീകരരും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് കാഷ്മീർ താഴ്വരയിൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാത്തതെന്നു ജമ്മു കാഷ്മീർ സർക്കാർ.
ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് ജമ്മുഡിവിഷനിലെ അഞ്ച് ജില്ലകളിൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ 2 ജി സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു.
ടൂറിസം, ആശുപത്രി, ബാങ്ക്, ഹോട്ടൽ തുടങ്ങി അവശ്യസേവനങ്ങൾ നൽകുന്ന ജമ്മു, കാഷ്മീർ ഡിവിഷനുകളിലെ സ്ഥാപനങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷനും പ്രവർത്തനസജ്ജമാക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷാലീൻ കാബ്ര ഉത്തരവിറക്കിയത്.
എന്നാൽ, കാഷ്മീർ ഡിവിഷനിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതുമില്ല. വലിയ തോതിലുള്ള അക്രമങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതു തടയാൻ ഇന്റർനെറ്റ് നിയന്ത്രണം ഉൾപ്പെടെ മുൻകരുതലുകൾ വഴി സാധിച്ചുവെന്ന് കാബ്ര പറഞ്ഞു.
ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്.