ഹയർ സെക്കൻഡറിയിൽ 77.81 ശതമാനവും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 70.06 ശതമാനവും വിജയം
Friday, May 23, 2025 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറിയിൽ 77.81 ശതമാനവും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 70.06 ശതമാനവും വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി.
ഹയർസെക്കൻഡറിയിൽ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,70,642 വിദ്യാർഥികളിൽ 2,88,394 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞ വർഷത്തെ വിജയശതമാനം 78.69 ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 0.88 ശതമാനം കുറവ് വിജയമാണ് ഇക്കുറി. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ആകെ പരീക്ഷ എഴുതിയ 26,178 വിദ്യാർഥികളിൽ 18,340 പേരാണ് ഉപരിപഠന യോഗ്യരായത്.
ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ 83.25 ശതമാനവും ഹ്യൂമാനിറ്റീസിൽ 69.16 ശതമാനവും കൊമേഴ്സിൽ 74.21 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
41 വിദ്യാർഥികൾക്ക് 1200-ൽ 1200 മാർക്കും ലഭിച്ചു. നൂറുമേനി നേട്ടത്തിന് അർഹരായത് 60 സ്കൂളുകളാണ്.
30,145 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം ലഭിച്ചു. ഇതിൽ 22,663 പെണ്‍കുട്ടികളും 7482 ആണ്‍കുട്ടികളുമാണ്.