ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കേസ്; കൈക്കൂലിപ്പണവുമായി ഇടനിലക്കാര്‍ വീടും ഭൂമിയും വാങ്ങി
Thursday, May 22, 2025 1:40 AM IST
കൊച്ചി: അന്വേഷണം ഒഴിവാക്കാന്‍ ഇഡിയുടെ പേരില്‍ കശുവണ്ടി വ്യവസായിയില്‍നിന്നു കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ ഇടനിലക്കാര്‍ കൈക്കൂലിപ്പണം ഉപയോഗിച്ചു സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍.
ഇഡി ഉദ്യോഗസ്ഥന് മുഖ്യപ്രതിയായ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി തമ്മനം സ്വദേശി വില്സൻ, മൂന്നാംപ്രതി രാജസ്ഥാന് സ്വദേശി മുകേഷ് കുമാര്‍, നാലാം പ്രതി എറണാകുളം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് വാര്യര്‍ എന്നിവരുടെ ബാങ്ക് ഇടപാടുകളിലടക്കം നടത്തിയ പരിശോധനയിലാണ് വിജിലന്‍സ് ഈ വിവരം കണ്ടെത്തിയിട്ടുണ്ടത്.
രഞ്ജിത്ത് കൊച്ചിയില്‍ ആഡംബരവീട് വാങ്ങിയതും മൂന്നാം പ്രതിയായ മുകേഷ് കുമാര്‍ എറണാകുളം പുത്തന്‍വേലിക്കരയില്‍ ഒന്നരയേക്കര്‍ സ്ഥലം വാങ്ങിയതും ഇത്തരത്തില്‍ ലഭിച്ച പണംകൊണ്ടാണെന്നാണു കണ്ടെത്തല്‍.
പ്രധാന ഇടനിലക്കാരന് വില്‍സന്റെ സ്വത്തുസന്പാദനവും വിജിലന്‍സ് പരിശോധിച്ചുവരികയാണ്. മുകേഷ് കുമാറിന്റെ രാജസ്ഥാനിലെ ബാങ്ക് ഇടപാടുകളിലടക്കം പരിശോധനകള്‍ നടത്തുന്നതിനായി അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇഡി സമീപകാലത്തു രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും (ഇസിഐആര്‍) വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇവരിലേക്ക് ഇടനിലക്കാര്‍ എത്തിയിട്ടുണ്ടോയെന്നു പരിശോധിക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇവരെ കോടതിയില്‍ ഹാജരാക്കും.
"ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കിയത് പരാതിയില്‍ കഴമ്പുള്ളതിനാൽ'
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനാലാണ് ഇഡി ഉദ്യോഗസ്ഥനെ ഒന്നാംപ്രതിയാക്കി കേസെടുത്തതെന്ന് വിജിലന്‍സ് മധ്യമേഖലാ എസ്പി എസ്. ശശിധരന്.
അന്വേഷണത്തില്‍ ലഭിക്കുന്ന വിവരമനുസരിച്ച് തുടര്‍നടപടികളുണ്ടാകും. ഇടനിലക്കാര്‍ക്കെതിരേ തെളിവുകള്‍ ശക്തമായതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. ഇഡിക്കെതിരേ നിരവധി പരാതികള്‍ ഫോണിലൂടെയും ലഭിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.