അതിരപ്പിള്ളിയിൽ കാട്ടാന കാർ തകർത്തു
Friday, May 23, 2025 12:42 AM IST
അതിരപ്പിള്ളി: ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്തു പാർക്ക് ചെയ്ത കാർ തകർത്തു. ഇന്നലെ രാവിലെ ചാലക്കുടി -അതിരപ്പിള്ളി റൂട്ടിൽ അരൂർമുഴിയിൽ വട്ടപ്പറന്പിൽ ഷാജിയുടെ കാറിന്റെ ചില്ലാണ് കാട്ടാനയുടെ ആക്രമണത്തിൽ തകർന്നത്.
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷാജിയുടെ വീട്ടുമുറ്റത്തേക്കുവന്ന് കാറിന്റെ പിൻഭാഗത്തെ ചില്ല് തകർക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കാട്ടാനയെ പുഴയിലേക്ക് ഓടിച്ചുവിട്ടു .
നേരത്തേ വനാതിർത്തിയിൽ ഫെൻസിംഗ് സംരക്ഷണമുണ്ടായിരുന്നതിനാൽ കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്താറില്ലായിരുന്നു. എന്നാൽ ഇപ്പോൾ വേലി തകർത്താണ് ആനകൾ ജനവാസമേഖലയിലേക്കു വരുന്നതെന്നു നാട്ടുകാർ പറഞ്ഞു.