നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനുൾപ്പെടെ നാലു വിദ്യാര്‍ഥികൾക്കു മർദനം
Friday, May 23, 2025 12:46 AM IST
തളിപ്പറമ്പ്: നടന് സന്തോഷ് കീഴാറ്റൂരിന്റെ മകന് യദുശാന്ത് ഉള്‍പ്പെടെ നാലു വിദ്യാർഥികളെ ആറംഗസംഘം മർദിച്ചെന്ന പരാതിയിൽ തളിപ്പറന്പ് പോലീസ് കേസെടുത്തു.
യദുശാന്തിനു പുറമേ ഋഷഭ്, വിവേക്, അര്ജുന് എന്നിവർക്കാണു മർദനമേറ്റത്. സംഭവത്തിൽ തൃച്ചംബരം സ്വദേശികളായ സന്തോഷ്, പ്രജീഷ്, ശ്രീകാന്ത്, ഷിജു ,അക്ഷയ്, മഹേഷ് എന്നിവർക്കെതിരേയാണു പോലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിനു സമീപത്തെ സഹപാഠിയുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പരിപാടി കഴിഞ്ഞ് തിരിച്ചുപോകവേ സ്കൂളിനു മുന്നിൽവച്ച് മര്‍ദനമേറ്റ ഇവര്‍ സമീപത്തെ ഒരു വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
“മർദിച്ചത് തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ട്”
തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണു യദുവിനു നേരേ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്നു സന്തോഷ് കീഴാറ്റൂർ മാധ്യമങ്ങളോട് പറഞ്ഞു. മർദനം ഉണ്ടായ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഒരുപക്ഷെ നാടകം കളിച്ചതിന്റെ പകയാകാം മർദനത്തിനു കാരണമെന്നും സന്തോഷ് പറഞ്ഞു.