മുഖ്യമന്ത്രിക്ക് എൺപതാം പിറന്നാൾ
Friday, May 23, 2025 1:28 AM IST
ഡി. ദിലീപ്
തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണത്തിന്റെ തലപ്പൊക്കം നൽകി, മുഖ്യമന്ത്രിക്കസേരയിൽ ഒന്പതു തുടർവർഷങ്ങൾ പൂർത്തിയാക്കിയ പിണറായി വിജയൻ നാളെ എണ്പതിന്റെ നിറവിൽ. പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളൊന്നുമില്ല. ആശംസകളേക്കാൾ നല്ലത് വിമർശനങ്ങളാണെന്നാണ് പിണറായിയിലെ കമ്യൂണിസ്റ്റിന്റെ ആശയഗതി. കേരള രാഷ്ട്രീയത്തിലെ ആ വേറിട്ട വിചാരധാരയ്ക്ക് എണ്പതിന്റെ നിറവിലും യാതൊരു കുലുക്കവുമില്ല.
ഔദ്യോഗിക രേഖകളിൽ 1945 മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ശരിയായ ജനനത്തീയതി മേയ് 24നാണെന്ന് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന്റെ തലേന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പിണറായി വിജയൻ വെളിപ്പെടുത്തിയത്. എന്നും മാധ്യമങ്ങളോട് കൃത്യമായ അകലം പാലിച്ച പിണറായി അന്ന് മാധ്യമപ്രവർത്തകർക്കൊപ്പം പിറന്നാളിന്റെ സന്തോഷമധുരം പങ്കുവച്ചു. നിറഞ്ഞു ചിരിച്ചു. ഇതുവരെ തന്നെക്കുറിച്ച് ലോകം കരുതിയിരുന്ന കാര്യങ്ങളിൽ ചിലതു തെറ്റാണെന്ന് ആ വെളിപ്പെടുത്തലിലൂടെ അദ്ദേഹം അന്ന് അടിവരയിട്ടു.
ചുളിവ് വീഴാത്ത കുപ്പായവും ചീകിയൊതുക്കിയാൽ ചലിക്കാത്ത മുടിയിഴകളും കാർക്കശ്യത്തിന്റെ നേർവരയിൽ കനം വിടാതെ പായുന്ന വാക്കുകളും കടുത്ത നിലപാടുകളും വിരളമായ പുഞ്ചിരിയുമാണ് അതുവരെ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ അടയാളപ്പെടുത്തിയിരുന്നത്.
എന്നാൽ, പിന്നീടിങ്ങോട്ട് കേരളം കണ്ടത് മറ്റൊരു പിണറായി വിജയനെയാണ്. പരുക്കൻ പരിവേഷത്തിൽനിന്ന് പൂർണമായി വിട്ടുമാറാതെതന്നെ ഇടയ്ക്കൊക്കെ നിറഞ്ഞു ചിരിക്കുകയും അപൂർവമായെങ്കിലും നിയമസഭയ്ക്കുള്ളിലും പുറത്തും തമാശ കലർത്തിയുള്ള രാഷ്ട്രീയവിർശനവും പിണറായി വിജയനിൽനിന്നു പുറത്തുവന്നു. പിന്നീട് നിപയെയും പ്രളയത്തെയും കോവിഡിനെയും അതിജീവിക്കാൻ നടത്തിയ പ്രവർത്തനങ്ങളിൽ ഒരു കാരണവരായി അമരത്തുതന്നെ നിലയുറപ്പിച്ച പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ കരുതലും കേരളം കണ്ടു.
അടിയന്തരാവസ്ഥക്കാലം
ചെറുപ്പകാലം മുതൽ അനീതിക്കെതിരായി നടത്തിയ നേർക്കുനേർ പോരുകളാകാം പിണറായി വിജയനെന്ന മനുഷ്യനെ കർക്കശക്കാരനാക്കി മാറ്റിയതിനു പിന്നിൽ. അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മർദനമുൾപ്പെടെയുള്ള സംഭവങ്ങൾ പിൽക്കാല ജീവിതത്തിൽ പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ കഠിന ഭാവങ്ങൾക്ക് കാരണമായിത്തീർന്നിരിക്കാം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യം ജയിലലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎൽഎമാരിൽ ഒരാളായിരുന്നു പിണറായി വിജയൻ.
1975 സെപ്റ്റംബർ 28നു രാത്രി വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത് കൂത്തുപറന്പ് സ്റ്റേഷനിലേക്കു കൊണ്ടുപോയ പിണറായിക്ക് പോലീസ് സ്റ്റേഷനിൽ അനുഭവിക്കേണ്ടിവന്നത് ക്രൂരമായ പീഡനമാണ്. കാലുകൾ അടിയേറ്റ് ഒടിഞ്ഞുതൂങ്ങി. പിന്നീട് നിലത്തിട്ട് ബോധം മറയുന്നതുവരെ ചവിട്ടി.
പോലീസ് മർദനംകൊണ്ട് പിണറായിയെന്ന രാഷ്ട്രീയ പോരാളിയെ അടിയറവു പറയിക്കാനാവില്ലെന്ന് കാലം തെളിയിച്ചു. 1977 മാർച്ച് 30ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിയമസഭയിൽ എത്തിയ പിണറായി മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ വെല്ലുവിളിച്ച് നടത്തിയ പ്രസംഗം കേരള രാഷ്ട്രീയ ചരിത്രത്തിലെഅവിസ്മരണീയമായ ഏടുകളിലൊന്നാണ്.
പാർട്ടിക്കുള്ളിലെ കണിശക്കാരൻ
രാഷ്ട്രീയ എതിരാളികളോടു മാത്രമായി ചുരുങ്ങുന്നതായിരുന്നില്ല പിണറായിയുടെ ഈ കാർക്കശ്യ ഭാവം. പാർട്ടി സെക്രട്ടറിയായിരിക്കെ ഉൾപാർട്ടി സമരങ്ങളിൽ ഒരു പക്ഷത്തു നിലയുറപ്പിച്ച അദ്ദേഹം മറുപക്ഷത്തെ നിശിതമായി വിമർശിക്കുകയും വാക്ശരങ്ങൾ ഉന്നം തെറ്റാതെ എയ്തു കൊള്ളിക്കുകയും ചെയ്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മുതിർന്ന നേതാവായ വി.എസ്. അച്യുതാനന്ദനുമായുള്ള കൊന്പുകോർക്കലാണ്. സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നെന്നും പാർട്ടി പിളർപ്പിന്റെ വക്കിലാണെന്നും അന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ പാർട്ടി അച്ചടക്കത്തിന്റെ പുതിയൊരു രീതിശാസ്ത്രംതന്നെ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ പിണറായി വിജയിച്ചു.
ലാവ്ലിൻ കൊടുങ്കാറ്റ്
പാർട്ടിക്കുള്ളിലും പുറത്തും വ്യക്തിജീവിതത്തിലാകെയും പിണറായി വിജയന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് ലാവ്ലിൻ കേസായിരുന്നു. നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരിക്കെ കേരളത്തിന്റെ വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കനേഡിയൻ കന്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പുവച്ച ആ കരാറിലൂടെ വൈദ്യുതിമേഖലയെ നവീകരിക്കാനായെങ്കിലും അഴിമതി ആരോപണം ഉയർത്തിവിട്ട ആ രാഷ്ട്രീയ കൊടുങ്കാറ്റിന്റെ അലയൊലികൾ പൊതുമണ്ഡലത്തിൽ ഇന്നും അവസാനിച്ചിട്ടില്ല. പക്ഷേ സിപിഎമ്മിലെ വിഭാഗീയത കെട്ടടങ്ങിയതോടെ പാർട്ടിക്കുള്ളിൽ ലാവ്ലിൻ അപ്രസക്തമായി. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു പടിയിറങ്ങുന്പോഴേക്കും പിണറായി പാർട്ടിക്കുള്ളിൽ അജയ്യനായി മാറിക്കഴിഞ്ഞിരുന്നു. ഒരുപാടു രാഷ്ട്രീയ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതജീവിച്ച ആ യാത്ര ഒടുവിൽ എത്തിനിന്നത് കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലാണ്.
നാടിനെയും മുഖ്യമന്ത്രിപദത്തിലെത്തിച്ചു
പിണറായി വിജയനൊപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ ‘പിണറായി’ യും മുഖ്യമന്ത്രിപദത്തിലെത്തി. പട്ടം താണുപിള്ളയ്ക്കു ശേഷം പിറന്ന നാടിനെ പേരിനൊപ്പം ചേർത്തുവച്ച കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രികൂടിയായി പിണറായി വിജയൻ.
1945 മേയ് 24ന് കണ്ണൂർ പിണറായിയിൽ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായാണ് പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശേരി ഗവണ്മെന്റ് ഹൈസ്കൂളിലും തലശേരി ബ്രണ്ണൻ കോളജിലുമായി വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്സിനു പഠിക്കുന്പോൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964ൽ കെഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായി. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കെഎസ്വൈഎഫ് സംസ്ഥാന പ്രസിഡന്റുമായി.
1967ൽ സിപിഎമ്മിന്റെ തലശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയും 1968ൽ ജില്ലാ കമ്മിറ്റി അംഗവുമായ പിണറായി വിജയൻ 1972ൽ ജില്ലാ സെക്രട്ടേറിയറ്റിലും 1978ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലുമെത്തി. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് 26-ാം വയസിൽ എംഎൽഎയായി. 1977ലും 1991 ലും കൂത്തുപറന്പിൽനിന്നു വീണ്ടും നിയമസഭയിലെത്തി. 1996ൽ പയ്യന്നൂരിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം രാജിവച്ച് 1998 സെപ്റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. 2015ൽ പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്തുനിന്നു വിജയിച്ച് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 2021ൽ ധർമടത്തുനിന്ന് വീണ്ടും വിജയിച്ചു. രണ്ടാമൂഴത്തിലും പാർട്ടിയിലും സർക്കാരിലും പിണറായി ശൈലിക്കു തന്നെയാണു മേൽക്കൈ.