ഡീബാര്‍ ചെയ്ത കമ്പനിയുടെ തലപ്പത്ത് മുന്‍ കളക്ടര്‍
Friday, May 23, 2025 1:28 AM IST
എം. ജയതിലകന്‍
കോഴിക്കോട്: മലപ്പുറത്തെ കൂരിയാട് നിര്‍മാണത്തിലിരിക്കെ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഡീബാര്‍ ചെയ്ത ആന്ധ്ര കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനു കേരളവുമായി അടുത്ത ബന്ധം.
ഈ സ്ഥാപനത്തിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ചെയര്മാന് ഡോ. ഡബ്ല്യു.ആര്. റെഡ്ഡി കേരളത്തില്‍ സബ് കളക്ടറായും ജില്ലാ കളക്ടറായും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് ജില്ലാ കളക്ടറായിരിക്കെ 1996 ഒക്ടോബര്‍ നാലിന് ഇദ്ദേഹത്തെ അയ്യങ്കാളിപ്പട കസേരയില്‍ കെട്ടിയിട്ട് ബന്ദിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഒമ്പതുമണിക്കൂര്‍ നേരം സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരം അവസാനം മധ്യസ്ഥര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
1986 ബാച്ച് കേരള കേഡര്‍ ഐഎഎസുകാരനാണ് റെഡ്ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി, നികുതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി, കേരള വാട്ടര്‍ അഥോറിറ്റി മാനേജിംഗ് ഡയറക്ടര്‍, മില്‍മ എംഡി, പട്ടികവര് വികസന കോര്പറേഷന് ഡയറക്ടര്‍, കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2002ല്‍ കേരളം വിട്ട അദ്ദേഹം നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് ആന്‍ഡ് പഞ്ചായത്ത് ഡയറക്ടര്‍ ജനറലായി 2020ല്‍ വിരമിച്ചു.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷൻ ലിമിറ്റഡിന്റെ സ്ഥാപകനും പ്രമോട്ടറും മാനേജിംഗ് ഡയറക്ടറും കൊമ്മിടി നരസിംഹറെഡ്ഡിയാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1978ലും 1983ലും ഇദ്ദേഹം നല്‍ഗൊണ്ടയിലെ ഭോംഗിര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായി 1995ല്‍ തുടക്കമിട്ട കമ്പനി രാജ്യമെമ്പാടും 8700 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ചുവെന്നാണ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് രണ്ടു റീച്ചുകളിലായി 77 കിലോമീറ്റര്‍ ഹൈവേയാണ് ഇവര്‍ നിര്‍മിക്കുന്നത്.