മിൽമ സമരം : ഇന്നലെ പാൽ വിതരണം സ്തംഭിച്ചു, രാത്രിയോടെ സമരം പിൻവലിച്ചു
Friday, May 23, 2025 12:42 AM IST
തിരുവനന്തപുരം: സർവീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥന് പുനർ നിയമനം നൽകിയതിനെതിരെ യൂണിയനുകളുടെ നേതൃത്വത്തിലുള്ള മിന്നൽ പണിമുടക്കിനെ തുടർന്നു മിൽമ തിരുവനന്തപുരം മേഖലയിലെ പാൽ വിതരണം ഇന്നലെ സ്തംഭിച്ചു.
ഇന്നലെ രാവിലെ ആറു മുതൽ സിഐടിയു, ഐഎൻടിയുസി യൂണിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാൽ വിതരണമാണ് ഇന്നലെ പൂർണമായി മുടങ്ങിയത്.
സമരം തുടർന്നാൽ, പാൽ വിതരണം ഇന്നും സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അഭ്യർഥനയെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു.
നാളെ തൊഴിൽ- ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നു സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിൻവലിച്ചു. ഇന്നു രാവിലെയോടെ പാൽ വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
സർവീസിൽ നിന്ന് വിരമിച്ച എംഡി ഡോ.പി. മുരളിക്ക് വീണ്ടും മിൽമ തിരുവനന്തപുരം യൂണിയൻ എംഡിയായി പുനർനിയമനം നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.