മെൽബണിൽ പിച്ചിൽ തരംതിരിവ്...
Tuesday, December 24, 2024 12:32 AM IST
മെല്‍ബണ്‍: ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വീണ്ടും വിവാദം തലപൊക്കുന്നു.
വിരാട് കോഹ് ലിയുടെ മക്കളുടെ വീഡിയോ അനുമതിയില്ലാതെ എടുത്തത്, രവീന്ദ്ര ജഡേജ ഹിന്ദിയില്‍ പത്രസമ്മേളനം നടത്തിയെന്ന ആരോപണം തുടങ്ങിയ വിവാദങ്ങള്‍ക്കു ശേഷം ഇപ്പോള്‍ പരിശീലനത്തിനുള്ള പിച്ചിലാണ് പ്രശ്നം തലപൊക്കിയത്. ടീം ഇന്ത്യക്കു നെറ്റ്സ് പ്രാക്ടീസിനുവേണ്ടി ഉപയോഗിച്ചു പഴകിയ പിച്ച് നല്കി എന്നും ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനം പുതിയ പിച്ചിലായിരുന്നെന്നുമാണ് ഏറ്റവും പുതിയ വിവാദം.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫി അഞ്ചു മത്സര ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനു മുന്നോടിയായുള്ള പരിശീലനവുമായി ബന്ധപ്പെട്ടാണ് ഈ വിവാദം. ബോക്സിംഗ് ഡേയില്‍ (ഡിസംബര്‍ 26) മെല്‍ബണിലാണ് നാലാം ടെസ്റ്റ്. നിലവില്‍ 1-1 സമനിലയിലാണ് ഇരുടീമും.
ക്യൂരേറ്റര്‍ പറയുന്നത് ഇങ്ങനെ
ഇന്ത്യന്‍ ടീം നേരത്തേയാണ് പരിശീലനത്തിന് എത്തിയത്. മാച്ചിനായുള്ള പിച്ച് മത്സരത്തിന്റെ മൂന്നു ദിവസം മുമ്പു മാത്രമാണ് സാധാരണ നല്‍കാറുള്ളത്. അത് എല്ലാ ടീമുകള്‍ക്കും ഒന്നുപോലെയാണ്:- ഇതായിരുന്നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ക്യൂരേറ്ററിന്റെ പ്രസ്താവന.
ഏതായാലും പഴയ പിച്ചില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബൗളര്‍ ആകാശ് ദീപ് എന്നിവര്‍ക്കു ചെറിയ പരിക്കേറ്റിരുന്നു. നെറ്റ്സില്‍ ബാറ്റിംഗിനിടെ രോഹിത്തിന്റെ ഇടതു കാലില്‍ പന്ത് കൊണ്ടായിരുന്നു പരിക്കേറ്റത്.
ഞായറാഴ്ചയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നെറ്റ്സ് സെഷന്. തിങ്കളാഴ്ചയാണ് ഓസ്ട്രേലിയന്‍ ടീം പരിശീലനത്തിന് ഇറങ്ങിയത്. തിങ്കളാഴ്ച ഇന്ത്യന്‍ ടീമിന്റെ വിശ്രമദിനമായിരുന്നു. ടീം ഇന്ത്യയുടെ അടുത്ത പരിശീലനത്തിനു പുതിയ പിച്ച് നല്‍കുമെന്നാണ് വിവരം.