കേരളം x തമിഴ്നാട് സന്തോഷ് ട്രോഫി പോരാട്ടം
Tuesday, December 24, 2024 12:32 AM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഗ്രൂപ്പ് ബിയില്‍ കേരളം തമിഴ്നാടിനെയും, ഒഡീഷ മേഘാലയയെയും, ഗോവ ഡല്‍ഹിയെയും നേരിടും. ഗ്രൂപ്പിലെ ആദ്യനാലു മത്സരങ്ങളും വിജയിച്ച കേരളം, ഇന്നും ജയം തുടരാനാണു കളത്തില്‍ ഇറങ്ങുന്നത്. കേരളവും തമിഴ്നാടും തമ്മിലുള്ള മത്സരം ഉച്ചകഴിഞ്ഞ് 2.30നാണ്.
ഗ്രൂപ്പ് ബിയില്‍നിന്ന് കേരളത്തിനു പിന്നാലെ മേഘാലയയും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന മത്സരങ്ങളുടെ ഫലംകൂടി അറിയുന്നതോടെയാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുടെ ചിത്രം വ്യക്തമാകൂ. ഡല്‍ഹി ഏകദേശം ക്വാര്‍ട്ടര്‍ ഉറപ്പിച്ചെന്നു പറയാം.
ഗ്രൂപ്പ് എ ചിത്രം
ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടങ്ങളില്‍ ജമ്മു കാഷ്മീര്‍ 1-0നു രാജസ്ഥാനെയും മണിപ്പുര്‍ 3-1നു തെലുങ്കാനയെയും വെസ്റ്റ് ബംഗാള്‍ 1-0നു സര്‍വീസസിനെയും തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ബംഗാള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. മണിപ്പുര്‍ (11), സര്‍വീസസ് (9), ജമ്മു കാഷ്മീര്‍ (7) ടീമുകളും ഗ്രൂപ്പ് എയില്‍നിന്നു ബംഗാളിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.